കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 12 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാലുപേരും കൊല്ലത്ത് നിന്നുള്ള മൂന്നുപേരും കാസർഗോഡ് നിന്നുള്ള രണ്ടുപേരും കോട്ടയം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരെയുമാണ് തിരിച്ചറിഞ്ഞത്.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊൻമലേരി, കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്‌ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിലയിൽ ലൂക്കോസ് (സാബു, 48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്‌ണൻ, തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ തീ പൂർണമായും അണച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം ഉണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 42 പേരോളം ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാ ജീവനക്കാരനെയും കെട്ടിട ഉടമയെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്‌റ്റ് നടത്തും. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. അഞ്ചുപേർ വെന്റിലേറ്ററിലാണ്. അതിനിടെ, തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു.
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അവിടെ എത്തിയ ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത ഉണ്ടാകുമെന്നും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കളെ വിവരമറിയിക്കുമെന്നും വ്യോമസേനയുടെ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 49 പേർ മരിച്ചെന്നാണ് ഏറ്റവുമൊടുവിൽ കിട്ടിയ വിവരമെന്നും, അതിൽ 42-43 പേർ ഇന്ത്യക്കാരാണെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തെക്കൻ കുവൈത്തിലെ അഹ്‌മദി ഗവര്ണറേറ്റിലെ മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വദേശി പൗരന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കെട്ടിടം. വിവിധ ഫ്‌ളാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്.