കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. ഒരു മണിക്കൂർ കൊണ്ട് തീർപ്പാക്കാവുന്ന ഫയലുകളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ളത്. അതിൽ തീരുമാനം ഉടൻ ഉണ്ടാകണം. സഹപ്രവർത്തകരുടെ പ്രശ്നമാണെന്ന ബോധത്തോടെ കൃത്യമായി നടപടി എടുക്കണം. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ പോലും ഫോൺ എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ.
ഫോൺ എടുത്തില്ലെങ്കിൽ കൃത്യമായി പണികിട്ടും. പൊതുജനങ്ങൾക്ക് അവരുടെ പരാതി പറയാൻ പുതിയ സംവിധാനം ഒരുക്കും. വൈദ്യുതിയും വെള്ളവും പാഴാക്കരുത്. സീറ്റുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്തപ്പോൾ ഫാനും ലൈറ്റും നിർബന്ധമായും ഓഫാക്കണം. ഇത് ചില ഓഫീസുകളിലെങ്കിലും നടപ്പാക്കിയപ്പോൾ മാർച്ചിൽ 10,68,469 രൂപ വൈദ്യുതി ചാർജിനത്തിൽ ലാഭിക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. ഇനിയും വൈദ്യുതി ചാർജ് കുറയ്ക്കാൻ കഴിയും.