രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍). നേരത്തെ ജൂലൈ-ഓഗസ്റ്റിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജനുവരി-ഫെബ്രുവരിയിലും, ജൂലൈ-ഓഗസ്റ്റിലും പ്രവേശനം ഉറപ്പാക്കുമെന്ന് യുജിസി വ്യക്തമാക്കി.
“എല്ലാ സര്‍വകലാശാലകളും ജൂലൈ-ഓഗസ്റ്റിലാണ് പ്രവേശനം നല്‍കുന്നത്. ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെ കൂടി സ്വാഗതം ചെയ്യുന്നു,’’ യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു. പുതിയ പരിഷ്‌കാരം ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ രീതിയിലായിരിക്കും അനുഭവപ്പെടുക. ഓരോ സ്ഥാപനം നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും. ഈ പരിഷ്‌കാരങ്ങള്‍ സ്വയം പ്രാവര്‍ത്തികമാക്കി നോക്കാന്‍ സ്ഥാപനങ്ങളോട് തങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെന്ന് യുജിസി ചെയര്‍മാന്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി വ്യത്യസ്ത കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുമോ എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
രണ്ട് തവണയായുള്ള പ്രവേശന സമ്പ്രദായം പിഎച്ച്ഡി, ബിരുദാനന്തര ബിരുദം, ബിരുദം എന്നീ പ്രോഗ്രാമുകള്‍ക്കും ബാധകമായിരിക്കുമെന്നും യുജിസി വ്യക്തമാക്കി. ‘‘പിഎച്ച്ഡി പ്രവേശനത്തിന് എല്ലാ സര്‍വകലാശാലകളും ജൂലൈയിലാണ് പ്രവേശനം നല്‍കിവരുന്നത്. യുജിസി-നെറ്റ് എല്ലാവര്‍ഷവും രണ്ട് തവണ നടത്തിവരുന്നുണ്ട്. അതുകൊണ്ട് തന്നെ സര്‍വകലാശാലകള്‍ക്ക് പിഎച്ച്ഡി പ്രവേശനം ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ട് തവണയാക്കാവുന്നതാണ്. ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് സിയുഇടി (പിജി) നിര്‍ബന്ധമല്ല. അതൊരു ഓപ്ഷന്‍ മാത്രമാണ്. പല സര്‍വകലാശാലകളും അവരുടെ സ്വന്തം പ്രവേശന പരീക്ഷ അല്ലെങ്കില്‍ ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി വരുന്നത്. ഇനി അവര്‍ക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.