ബാലവേല സങ്കീര്‍ണമായ പ്രശ്‌നമാണെന്നും ഈ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന ബാലവേല വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള കുട്ടികള്‍ അല്ലെങ്കിലും കോഴിക്കോട് ജില്ലയില്‍ പോലും ബാലവേല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. കുടുംബത്തിന്റെ താഴ്ന്ന വരുമാനവും ബാലവേലയും തമ്മില്‍ വലിയ ബന്ധമുണ്ട്.
വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിന്റെ ലംഘനം കൂടിയാണ് ബാലവേല. ഇത് തടയുന്നതില്‍ സാമൂഹികമായ ഇടപെടല്‍ ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ബാലവേലയ്‌ക്കെതിരായ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ബാലവേല ചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പരിപാടിയില്‍ കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ വി പി വിപിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ജയപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ കെ സി ശോഭിത, വേദ വ്യാസവിദ്യാലയം പ്രിന്‍സിപ്പാള്‍ എം ജ്യോതീശന്‍ എന്നിവര്‍ സംസാരിച്ചു
ബാലവേലയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് കോഴിക്കോട് രണ്ടാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസര്‍ ആയിഷ മിര്‍ഫ നടത്തി.
500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ കോഴിക്കോട് ഒന്നാം സര്‍ക്കിള്‍ അസി ലേബര്‍ ഓഫീസര്‍ അനൂജ് എല്‍എന്‍ നന്ദിപറഞ്ഞു.