ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത് നടക്കും. നൃത്ത,സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ചെറിയേരി നാരായണന്‍ നായരെ അരിക്കുളം ഗ്രാമം അനുസ്മരിക്കുന്നു. ജൂലായ് ഏഴിന് അരിക്കുളം എല്‍.പി സ്‌കൂള്‍ അങ്കണത്തിലാണ് അതിവിപുലമായ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക.
സംഘാടക സമിതി രൂപവല്‍ക്കരണ യോഗം കഴിഞ്ഞ ദിവസം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം.സുഗതന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നു.
സംഘാടക സമിതി ഭാരവാഹികളായി സി.എം ചന്ദ്രശേഖരന്‍ (ചെയര്‍മാന്‍), ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.ജി.രാജീവ്, വി.ബഷീര്‍ (വൈസ് ചെയര്‍മാന്‍), സി.കെ.മനോഹരൻ (കണ്‍വീനര്‍) പി.എം.രാജന്‍, ബാലകൃഷ്ണന്‍ ത്രിപുര, എം.രവീന്ദ്രന്‍, വി.കെ.ഉണ്ണി (ജോ.കണ്‍), സി.രാധ(ഖജാന്‍ജി) എന്നിവരെ തിരഞഞ്ഞെടുത്തു.
ഗാന രചന, സംഗീതം, ആലാപനം എന്നീ കഴിവുകള്‍ക്ക് പുറമെ രസാഭിനയത്തിന്റെ സകലഭാവങ്ങളേയും, അവയുടെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാനുള്ള കഴിവ്, ലാസ്യ നടനത്തിന് യോജിച്ച ശരീര ഘടന, ഇവയെല്ലാം ഒത്തുചേര്‍ന്ന കലാകാരനായിരുന്നു ചെറിയേരി നാരായണന്‍ നായര്‍.
ഗുരു ചേമഞ്ചേരിയുടെ പ്രിയ ശിഷ്യനുമായിരുന്ന അദ്ദേഹം മികച്ച സാമൂഹ്യ പ്രവര്‍ത്തകനും, പ്രസംഗകനുമായിരുന്നു. നാരായണന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അംബ,’ എന്ന നൃത്ത നാടകം ഏറെ പ്രസിദ്ധമായിരുന്നു. അനുസ്മരണ ചടങ്ങില്‍ കേരളത്തില്‍ അറിയപ്പെടുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും പങ്കെടുക്കും.