പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റ് നടപടികൾ പൂർത്തിയായപ്പോൾ 90,471 സീറ്റ് മിച്ചമുണ്ടായിരുന്നു. ഇതിൽ 20,371 സീറ്റാണ് രണ്ടാമത്തേതിൽ പരിഗണിച്ചത്. അവശേഷിക്കുന്ന 70,100 സീറ്റ് ഉൾപ്പെടുത്തിയുള്ള മൂന്നാം അലോട്‌മെന്റ് 19-നു പ്രസിദ്ധീകരിക്കും.
രണ്ടാം അലോട്‌മെന്റ് പ്രകാരം ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം. ആദ്യ രണ്ട് അലോട്‌മെന്റുകളിൽ 2,39,961 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആകെ അപേക്ഷകൾ 4,66,071 ആണ്. ഇതിൽ 44,410 പേർ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഏകജാലകംവഴി അലോട്‌മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകൾ 3,07,603 ആണ്. ഭിന്നശേഷിക്കാർക്കുവേണ്ടി 2,458 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.
ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവരിൽ 1,20,176 അപേക്ഷകരാണ് സ്ഥിരമായി പ്രവേശനം നേടിയത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് 99,420 പേർ താത്കാലിക പ്രവേശനം നേടി. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ അലോട്‌മെന്റിൽ താത്കാലിക പ്രവേശനത്തിന് അനുമതിയില്ല. ലഭിക്കുന്ന സ്കൂളും വിഷയവും നിർബന്ധമായും സ്വീകരിക്കേണ്ടിവരും. മെറിറ്റ് അലോട്‌മെന്റിനൊപ്പം കമ്യൂണിറ്റി ക്വാട്ടയിലും പ്രവേശനം നടക്കുകയാണ്. രണ്ടിലും ഉൾപ്പെടുന്നവർക്ക് ഇഷ്ടമുള്ളതു സ്വീകരിക്കാം. എന്നാൽ, ഒരു ക്വാട്ടയിൽ പ്രവേശനം നേടിയശേഷം മറ്റൊന്നിലേക്കു മാറാനാവില്ല.