ദുബായ് : ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജുമൈര ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ നീളത്തിൽ പുതിയ രണ്ടുവരി പാലം തുറന്നു.
ഗാർണർ സബ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്റർസെക്‌ഷൻ വികസനത്തിന്റെ ഭാഗമായാണ് പുതിയ പാലമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വികസനപദ്ധതിയിലെ നാല് പാലങ്ങളിലൊന്നാണിത്.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം തുറന്നതോടെ യാത്രാസമയം 21 മിനിറ്റിൽനിന്ന് ഏഴുമിനിറ്റായി കുറഞ്ഞിട്ടുണ്ട്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കാനാണ് ഗാർണർ സബ്‌ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗാർണർ അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. മൊത്തം 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്. മറ്റു മൂന്ന് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.
ഗാർണർ അൽ സബ്‌ഖ സ്ട്രീറ്റിന്റെയും അൽ അസയേൽ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലെ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വാഹനശേഷി മണിക്കൂറിൽ 8000 ആയി ഉയരും.
ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നീ റോഡുകൾക്കിടയിലെ ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും. ഗാർണർ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, ദേര, ഖിസൈസ് എന്നിവിടങ്ങളിലെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജബൽ അലി തുറമുഖത്തിന്റെ ദിശയിലേക്കുള്ള അൽ യലായസ് സ്ട്രീറ്റിലെയും ഗതാഗതം മെച്ചപ്പെടുത്താനും പാലങ്ങൾ പണിയുന്നുണ്ട്. മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളും വിധമാണ് ഈ രണ്ട് പാലങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പാലങ്ങൾക്ക് പുറമേ തെരുവുവിളക്കുകൾ, ഗതാഗത സിഗ്‌നലുകൾ, അഴുക്കുചാലുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് അൽ തായർ വിശദീകരിച്ചു.