എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും പനി, ചുമ ക്ലിനിക്കുകള്‍ പ്രവർത്തനം തുടങ്ങി
മഴക്കാലത്ത് വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും ജനങ്ങളുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗങ്ങളില്ലാതെ കടന്നുപോകാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ആയുര്‍വേദ വിഭാഗം രംഗത്ത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ ആയുര്‍വേദ വിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തുന്നുണ്ട്.
കൊതുകിനെ അകറ്റാനും അന്തരീക്ഷ ശുദ്ധിക്കുമായി പുകയ്ക്കാനുള്ള അപരാജിത ധൂപ ചൂര്‍ണ്ണം, വെള്ളം തിളപ്പിച്ച് കുടിക്കാന്‍ ഉപയോഗിക്കുന്ന ഔഷധ ചൂര്‍ണ്ണം മുതലായവ എല്ലാ പഞ്ചായത്തിലുമുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് സൗജന്യമായി കൊടുത്തുവരുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍, പറമ്പില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് കൊതുക് കടിയില്‍ നിന്നും രക്ഷപെടാന്‍ ശരീരത്തില്‍ പുരട്ടാനുള്ള ലേപനങ്ങളും ലഭിക്കും.
ഔഷധക്കഞ്ഞി കുടിക്കുന്നത് ആരോഗ്യരക്ഷയ്ക്കും രോഗ പ്രതിരോധത്തിനും ഗുണകരമാണ്. കഞ്ഞി തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാന്‍ പറ്റുന്ന ഔഷധങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും.
പനി, ചുമ, ജലദോഷം മുതലായ അസുഖങ്ങള്‍ക്കുള്ള ചികിത്സക്ക് പുറമെ വിവിധ പനികള്‍ക്ക് ശേഷം ക്ഷീണം മാറ്റി ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, പനിക്കു ശേഷം ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന വരണ്ട ചുമയ്ക്കുള്ള ചികിത്സയും ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും.
ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലാ എപ്പിഡമിക് കണ്ട്രോള്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേകം കമ്മിറ്റികളും ഉണ്ട്.
ജില്ലയിലെ എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും ജൂണ്‍ ഒന്ന് മുതല്‍ തന്നെ പനി, ചുമ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ. അമ്പിളികുമാരി ടി അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0495-2371486

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
◼️ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക.
◼️പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക
◼️ആഹാര സാധങ്ങള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ നന്നായി അടച്ചു സൂക്ഷിക്കുക
◼️കൊതുകിനു വളരാന്‍ സഹായിക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക
◼️മുറിവുള്ള കാലുകളുമായി മലിന ജലത്തില്‍ ഇറങ്ങരുത്
◼️രോഗപ്രതിരോധശക്തി നേടാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ പ്രയോജനപ്പെടുത്തുക
◼️ശരിയായ ശോധന കിട്ടുക, യഥാസമയം വിശപ്പുണ്ടാവുക, നല്ല ഉറക്കം ലഭിക്കുക എന്നിവ ആരോഗ്യത്തിന് അത്യാവശ്യമാണ്
◼️വിശപ്പിനനുസരിച്ച് മാത്രം ആഹാരം കഴിക്കുക. അമിതമായ ആഹാരം ഒഴിവാക്കുക
◼️വീടും ഓഫീസുകളും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുക
◼️സ്വയം ചികിത്സ അരുത്
◼️ജീവിത ശൈലി രോഗമുള്ളവര്‍, പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.


