ഒരു നൂറ്റാണ്ടിന്റെ സാക്ഷിയായിരുന്നു മലബാറിൽ ദേശീയ പ്രസ്ഥാനത്തിന്റെ മഹാരഥൻമാരിൽ ഒരാളായ മൊയ്തു മൗലവി എന്ന്
തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ ചരിത്ര വിഭാഗം മുൻ മേധാവി ഡോ. പി പി അബ്ദുൽ റസാഖ് ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമര രംഗത്ത് ഉജ്ജ്വല സംഭാവനകൾ നൽകിയ നേതാവും മതപരിഷ്കരണ വാദിയും
പുരോഗമനവാദിയും ആയിരുന്നു മൗലവി. സ്വാതന്ത്രപ്രക്ഷോഭ കാലത്ത് ദേശീയതലത്തിൽ ജവഹർലാൽ നെഹ്റുവും പിതാവ് മോത്തിലാൽ നെഹ്റുവും ഒരേസമയം ജയിൽവാസം അനുഷ്ഠിച്ച ചരിത്രമുണ്ട്. കേരളത്തിൽ മൊയ്തു മൗലവിയും അദ്ദേഹത്തിന്റെ പിതാവ് മലയൻകുളത്തെ മരക്കാർ മുസ്ലിയാരും 1922 ൽ ഒന്നിച്ച് വെല്ലൂർ ജയിലിൽ
കഴിഞ്ഞ കാലം അതുപോലെ സ്വാതന്ത്ര പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തമാണ്. ഇരട്ട പെറ്റ സഹോദരങ്ങളെ പോലെ ആയിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഇ മൊയ്തുമൗലവി ഒന്നിച്ച് ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നതെന്നും അബ്ദുൽ റസാഖ് പറഞ്ഞു.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ അധ്യക്ഷത വഹിച്ചു.
ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകൻ ക്രിസ്റ്റി അലക്സ് പേരയിൽ, മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക സമിതി ജനറൽ സെക്രട്ടറി ടി കെ എ അസീസ്, ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം മുൻ മേധാവി എം സി വസിഷ്ഠ്, അസി. ഇൻഫർമേഷൻ ഓഫീസർ അമിയ എം എന്നിവർ സംസാരിച്ചു.