ഇന്ന് രാത്രി 12 മണിയോടെയാണ് ടോളിoഗ് നിരോധനം ആരംഭിക്കുന്നത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യന്ത്രവത്കൃത ബോട്ടുകൾ നടത്തുന്ന ആഴക്കടൽ മത്സ്യബന്ധനത്തിനാണ് നിയന്ത്രണം. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ട്രോളിംഗ് നരോധനത്തിൻ്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഇന്ന് അർദ്ധരാത്രി ചങ്ങല കെട്ടി ബന്ധിക്കും.