ലോക്‌സഭാ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കും. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി.
പ്രതിപക്ഷ നേതാവാകാന്‍ പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യന്‍. മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവര്‍ത്തക സമിതിയുടെ വികാരം രാഹുല്‍ മനസിലാക്കും. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ പാര്‍ലമെന്റ് ചേരുന്ന 17 മുന്‍പ് തീരുമാനം വരും. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ എം പിയായി തുടരണമെന്നാണു പാര്‍ട്ടിയിലെ ധാരണ. ഇതു പ്രകാരം വയനാട് സീറ്റ് അദ്ദേഹം ഒഴിഞ്ഞേക്കും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന സൂചന വന്നതോടെ കേരളത്തിലെ നേതാക്കളില്‍ ആരെയെങ്കിലും മത്സരിപ്പിക്കുന്നത് പരിഗണിക്കും. തൃശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ഉടന്‍ ഒരു മത്സരത്തിനു താന്‍ സന്നദ്ധനല്ലെന്ന നിലപാടിലാണ് മുരളീധരന്‍.