സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കെ ഫോണ്‍, ഐ ടി പാര്‍ക്ക്, സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങി 12ല്‍ അധികം വിഭാഗങ്ങളിലായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ച നടപടികളാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ 900 അവകാശപ്പെടുന്നത്.
തൊഴില്‍ നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, കൂടുതല്‍ ഐടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍, വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ എടുത്ത ശ്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 4,03,811 പേര്‍ക്ക് വീട് നല്‍കി. 2021-ന് ശേഷം 1,41,680 വീടുകള്‍ പൂര്‍ത്തീകരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഉള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതുവരെ 5,300 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു, മൂന്ന് ഐടി പാര്‍ക്കുകളിലുമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. 21,311 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5,856 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ സൗജന്യ കണക്ഷന്‍. മൂല്യവര്‍ധിത റബ്ബര്‍ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ചു തുടങ്ങിയ കാര്യങ്ങളും പ്രോഗസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് യാക്കോബായ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വാക്കുകളെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുകയും ചെയ്തു.