മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. അക്കോമോഡേറ്റീവ് നയം പിന്‍വലിക്കുന്നതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആര്‍ബിഐ ആശങ്ക രേഖപ്പെടുത്തി.
പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് ഉറച്ചുനില്‍ക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പണവായ്പാനയ പ്രഖ്യാപനമാണ് നടന്നത്. ഇത്തവണയും പലിശനിരക്കില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ ശരിവെയ്ക്കുന്നതാണ് പ്രഖ്യാപനം. കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.