സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പുറമേ വിദ്യാര്‍ഥികളില്‍ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സംസ്ഥാന, ജില്ലാതലത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം പ്ലസ് വണ്‍ പ്രവേശനത്തിന്റെ അലോട്ട്മെന്റ് കത്തില്‍ രേഖപ്പെടുത്തിയ ഫീസ് മാത്രമേ വാങ്ങാവൂവെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന് വിപരീതമായി ചില സ്‌കൂള്‍ അധികൃതര്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സ്‌ക്വാഡ് രൂപവത്കരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഉയര്‍ന്ന ഫീസ് വാങ്ങുന്നതിനൊപ്പം സ്‌കൂള്‍ വികസനത്തിന്റെയും മറ്റും പേരിലാണ് ഫണ്ട് പിരിവ് നടത്തുന്നത്. ഇതു സംബന്ധിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി വ്യാപകമായി ലഭിച്ചത്. പ്രവേശന ഫീസിന്റെ വിവരങ്ങള്‍ അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായാണ് ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശന നടപടികള്‍ നടക്കുന്നതെന്നാണ് പരാതി. അനധികൃത പിരിവ് കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും ഒ ഇ സി വിഭാഗവും കോഷന്‍ ഡെപ്പോസിറ്റ് ഒഴികെ മറ്റ് ഫീസുകള്‍ ഒന്നും അടയ്ക്കേണ്ടതില്ലെങ്കിലും ഇവരില്‍ നിന്ന് പല തരത്തിലുള്ള ഫീസുകള്‍ വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം.
അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പി ടി എയില്‍ അംഗത്വമെടുക്കേണ്ടത് നിര്‍ബന്ധമാണ്. അംഗത്വ ഫീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രതിവര്‍ഷം 100 രൂപയാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് അംഗത്വ ഫീസ് നിര്‍ബന്ധമില്ല. മുന്‍ വര്‍ഷത്തെ മൂന്നാം ടേമിലെ പി ടി എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നടപ്പ് അക്കാദമിക വര്‍ഷം പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരമാവധി 400 രൂപ വരെ പി ടി എ ഫണ്ട് ശേഖരിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി നിര്‍ബന്ധിക്കാനോ കുട്ടികള്‍ക്കെതിരെ നടപടി എടുക്കാനോ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്കാണെന്ന് 2007 ജൂണ്‍ 25 ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്
ഇനം ഫീസ്
അഡ്മിഷന്‍- 50
ലൈബ്രറി- 25
കലണ്ടര്‍- 25
വൈദ്യ പരിശോധന- 25
ഓഡിയോ വിഷ്വല്‍ യൂനിറ്റ്- 30
സ്പോര്‍ട്സ്, ഗെയിംസ്- 50
സ്റ്റേഷനറി- 25
അസ്സോസിയേഷന്‍- 25
യൂത്ത് ഫെസ്റ്റിവല്‍- 50
മാഗസിന്‍- 25
കോഷന്‍ ഡെപ്പോസിറ്റ്- 150