കൊയിലാണ്ടി: പൊതു ജലാശയവുമായി ബന്ധമില്ലാത്ത കുളങ്ങളില്‍ നട്ടര്‍ അഥവാ പാക്കു (ശുദ്ധജല ആവോലി) വളര്‍ത്താന്‍ നിബന്ധനകളോടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഒട്ടെറെ മത്സ്യകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് കൈക്കൊണ്ടത്.
കേരളത്തില്‍ നട്ടര്‍ അല്ലെങ്കില്‍ ശുദ്ധജല ആവോലി (ആവോലി മച്ചാന്‍) എന്നറിയപ്പെടുന്ന പാക്കു മത്സ്യം മത്സ്യകര്‍ഷകര്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുളള വളര്‍ത്തു മീനായിരുന്നു. ആകൃതിയും വലുപ്പവും കൊണ്ടാണ് നട്ടറിനെ ശുദ്ധജല ആവോലിയെന്ന് വിളിക്കുന്നത്. നല്ല രുചിയായത് കാരണം നട്ടറിന് വിപണിയില്‍ നല്ല ആവശ്യക്കാരുണ്ട്. എന്നാല്‍ വിദേശ ഇനമായതിനാല്‍ ഇവ വളര്‍ത്താന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ ഇന്‍ട്രോഡക്ഷന്‍ ഓഫ് എക്സോട്ടിക് അക്വാട്ടിക്ക് സ്പീഷിസ് ഇന്‍ടു ഇന്ത്യന്‍ വാട്ടേര്‍സ് എന്ന വിദഗ്ധരടങ്ങിയ കമ്മിറ്റിയുടെ അംഗീകാരം വേണ്ടിയിരുന്നു. ഈ കമ്മിറ്റിയുടെ അംഗീകരാമുണ്ടെങ്കിലെ നട്ടര്‍ പോലുളള വിദേശയിനം മത്സ്യങ്ങളെ വളര്‍ത്താന്‍ അനവാദമുളളു. വിദേശ മത്സ്യങ്ങൾ നമ്മുടെ പൊതു ജലാശയങ്ങളില്‍ എത്തിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തിയശേഷം, ഇവ വളര്‍ത്തിയാല്‍ ജലാശയങ്ങളിലെ ജൈവ വൈവിധ്യം നശിക്കാന്‍ ഇടയാകില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൃഷി ചെയ്യാന്‍ അംഗീകാരം കൊടുക്കുകയുളളു. ആഫ്രിക്കന്‍ മുഷി ഉള്‍പ്പടെയുളള മീനുകള്‍ ജൈവ വൈവിധ്യത്തിന് തകരാറാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിരാനയോട് സാദൃശ്യമുളളത് കൊണ്ടാണ് നട്ടര്‍ വളര്‍ത്തുന്നതിന് നിയന്ത്രണം വന്നത്. എന്നാല്‍ പല്ലുകളുടെയും തിന്നുന്ന ഭക്ഷ്യ വസ്തുക്ക ളുടെയും അടിസ്ഥാനത്തില്‍ പിരാനയില്‍ നിന്ന് വ്യത്യസ്ഥമാണ് നട്ടര്‍. പിരാനയുടെ പല്ലുകള്‍ കൂര്‍ത്തതും ഈര്‍ച്ചവാളുകള്‍ പോലുളളതുമാണ്. എന്നാല്‍ പാക്കുവിന്റെത് പൊതുവെ പരന്ന പല്ലുകളാണ്. മിശ്രഭുക്കായിട്ടാണ് നട്ടറിനെ പരിഗണിക്കുന്നത്. പഴങ്ങള്‍ ഉള്‍പ്പടെയുളള പ്രകൃതി വസ്തുക്കളോടാണ് ഇവയ്ക്ക് ഏറെ ഇഷ്ടം.
സൗത്ത് അമേരിക്കയില്‍ ആമസോണ്‍ നദിയിലാണ് നട്ടറിനെ കൂടുതലായി കാണുന്നത്. പല രാജ്യങ്ങളിലും ഇവ കൃഷി ചെയ്യുന്നുണ്ട്. നമ്മുടെ കൃഷിയിടങ്ങളില്‍ മുമ്പ് നട്ടറിനെ വളര്‍ത്തിയിരുന്നെങ്കിലും അത് നിയമ വിരുദ്ധമായിട്ടായിരുന്നു. നട്ടറിന്റെ കുഞ്ഞുങ്ങളുടെ വില്‍പ്പന പോലും കേരളത്തില്‍ തടഞ്ഞിരുന്നു. എന്നാല്‍ നിരോധനം വകവെക്കാതെ അയല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും നട്ടര്‍ വളര്‍ത്തുന്നുമുണ്ട്. നിരോധനം നീക്കിയത് മത്സ്യ കര്‍ഷകര്‍ക്ക് ആകെ ആശ്വാസമാകും. വാള, തിലാപ്പിയ എന്നിവയ്ക്കും നേരത്തെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ബംഗ്ളാദേശ് വഴിയാണ് നട്ടര്‍ ഇന്ത്യയിലെ ജലാശയങ്ങളില്‍ പ്രാചാരം നേടിയത്.
നല്ല വളര്‍ച്ചയെത്തുന്നതിനാല്‍ കര്‍ഷകരെ സംബന്ധിച്ച് ഏറ്റവും ലാഭകരമായ മീനാണ് നട്ടര്‍. ഫാമുകളില്‍ നട്ടര്‍ വളര്‍ത്തുമ്പോള്‍ പുറമേയുളള പൊതു ജലാശയത്തിലേക്ക് നട്ടറിന്റെ കുഞ്ഞുങ്ങള്‍ പോകാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് മത്സ്യ കര്‍ഷകര്‍ക്കുളള പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശം. ഇതിനായി കുളത്തിന്റെ ബണ്ടുകള്‍ ഉയരത്തില്‍ നിര്‍മ്മിക്കണം. ഒരു മീറ്റര്‍ ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ ഒരണ്ണം എന്ന കണക്കിനെ നട്ടറിന്റെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ പാടുളളു. ഇന്ത്യന്‍ കാര്‍പ്പ്, കട്ല, രോഹു എന്നിവ കൃഷി ചെയ്യുമ്പോള്‍ അതിന്റെ കൂടെ 20 ശതമാനം വരെ നട്ടര്‍ കുഞ്ഞുങ്ങളെയും നിക്ഷേപിക്കാം. വാളയും നട്ടറും ഒരുമിച്ച് കൃഷി ചെയ്യുമ്പോള്‍ പകുതി കുഞ്ഞുങ്ങള്‍ നട്ടറിന്റെതാവാം. എന്നാല്‍ നട്ടറിനെ മാത്രം വളര്‍ത്തുന്നതാണ് നല്ലതെന്ന് പെരുവണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ.ബി.പ്രദീപ് പറഞ്ഞു. വിളവെടുക്കാനും കൃഷി ചെലവ് കുറയ്ക്കാനും ഇത് കൊണ്ടാവും. വരാല്‍, തിലാപ്പിയ എന്നിവയെ പോലെ ചെറു കുളങ്ങളില്‍ നന്നായി വളരുന്ന മീനാണ് നട്ടര്‍. കട്ല,രോഹു എന്നിവയ്ക്ക് കൊടുക്കുന്ന തീറ്റ തന്നെ നട്ടറിനും കൊടുക്കാം. ആറ് മാസം കൊണ്ട് തന്നെ ഏതാണ്ട് ഒരു കിലോയ്ക്ക് അപ്പുറത്തേക്ക് തൂക്കം ലഭിക്കും.
പാറമട പോലുള്ള ശുദ്ധജലാശയങ്ങളിൽ നട്ടർ വളർത്തുന്നത് മത്സ്യകർഷകർക്ക് ഏറെ ആദായകരമാണ്. തീറ്റ ചെലവ് കുറയ്ക്കാമെന്നതാണ് ഏറ്റെ ഗുണം. കേടായ പച്ചക്കറികളും മധുരക്കിഴങ്ങിന്റെ ഇലകൾ പോലുള്ളവയും നൽകാം. കിലോവിന് 250 മുതൽ 300 രൂപവരെ ഇതിന് ലഭിക്കും.