കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

എഞ്ചിനീയറിംഗ് /ഫാർമസി പ്രവേശനത്തിനായി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ KEAM 2024 – 05.6.2024 മുതൽ 09.06.2024 വരെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടക്കുന്നതിനാൽ പരീക്ഷാർത്ഥികളുടെ തിരക്കിനനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ലഭ്യമാക്കുന്നതാണ്.

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതിലേക്കായ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഇതിലേക്കായ ഉത്തരവ് നൽകുകയായിരുന്നു.

രാവിലെ 10 മണി മുതൽ 01 മണി വരെയും ഉച്ചയ്ക്കുശേഷം 03.30 മുതൽ 05 മണി വരെയുമാണ് പരീക്ഷാ സമയം. പരീക്ഷാർത്ഥികൾക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.

യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ അഡീഷണൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ചെയ്തിട്ടുണ്ട്.
