തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക് സർജറികൾ വിജയകരമായി ഇതുവരെ പൂർത്തിയായി. വൃക്ക, ഗർഭാശയം, മലാശയം എന്നിവയെ ബാധിച്ച കാൻസറുകൾക്കാണ് റോബോട്ടിക് സർജറി നടത്തിയത്.
തിങ്കളാഴ്ച മുതൽ റോബോട്ടിക് സർജറികൾ സാധാരണ പോലെ നടക്കും. ആർസിസിക്ക് പുറമേ എംസിസിയിലും റോബോട്ടിക് സർജറി യാഥാർത്ഥ്യമായതോടെ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

മിനിമൽ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.