കൊയിലാണ്ടി: കുഴഞ്ഞ് വീണ് മരിച്ച കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ജിനീഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റമാര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതായി ആരോപിച്ച് ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഓട്ടോറിക്ഷ തൊഴിലാളികളും ആശുപത്രി കവാടത്തില്‍ പ്രതിഷേധിക്കുകയും സൂപ്രണ്ടിനെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് ഓട്ടോറിക്ഷ തൊഴിലാളിയായ കൊല്ലം കൂട്ടുംമുഖത്ത് ജിനീഷ്(46) കുഴഞ്ഞു വീണു മരിച്ചത്. താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജിനീഷ് മരിച്ചിരുന്നു. കുഴഞ്ഞു വീണു മരിച്ചത് ചെറുപ്പക്കാരനായതിനാല്‍ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി അധികൃതര്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് അയക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് അയക്കണമെന്ന് നേരത്തെ പറയാതിരുന്നതിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ ജിനീഷിന്റെ ബന്ധുക്കളും മറ്റ് ഓട്ടോറിക്ഷ തൊഴിലാളികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി ബഹളം വെച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ താലൂക്കാശുപത്രി ഡോക്ടര്‍മാര്‍ ഉദാസീനത കാട്ടുകയാണെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാക്കിയത്. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവര്‍ സ്ഥലത്തെത്തി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. മരിച്ചയാള്‍ ചെറുപ്പക്കാരനായതിനാല്‍ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായി. ഇതോടെ പ്രതിഷേധവും അയഞ്ഞു. പ്രതിഷേധ സമരത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, പ്രസിഡന്റ് കെ.കെ സതീഷ്ബാബു, കീര്‍ത്തന, ഫര്‍ഹാന്‍,ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.