ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ-0495-2414074, കൺട്രോൾ റൂം-9496007052
മെയ് മാസം ഫിഷറീസ് അധികൃതർ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത് 28 മത്സ്യത്തൊഴിലാളികളെയും അഞ്ചു ബോട്ടുകളും.
എഞ്ചിൻ പ്രശ്നങ്ങൾ മൂലമോ വെള്ളം കയറിയോ ആണ് പ്രധാനമായും ബോട്ടുകൾ കടലിൽ കുടുങ്ങുന്നത്. മാർച്ച് മുതൽ പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിൽ നിന്നും യാത്ര തിരിച്ച് അപകടത്തിൽപ്പെട്ട അഞ്ചു ബോട്ടുകളും അതിലെ തൊഴിലാളികളുമാണ് ആശ്വാസത്തിന്റെ കരയണഞ്ഞത്.
എഞ്ചിൻ പ്രശ്നമാണ് കൂടുതലും ബോട്ടുകളിൽ കാണപ്പെടുന്നത്. കൂടാതെ യന്ത്ര തകരാറും. പഴയ എഞ്ചിൻ ഉപയോഗിക്കുന്നത്, എഞ്ചിനിൽ വെള്ളം കയറുന്നത്, എഞ്ചിനിൽ തുരുമ്പുപിടിക്കുന്നത് തുടങ്ങിയവയാണ് പ്രധാന സാങ്കേതിക പ്രശ്നങ്ങളെന്ന് ഫിഷറീസ് അധികൃതർ പറയുന്നു.
മെയ് 2, 3, 23, 26, 28 തീയതികളിൽ യഥാക്രമം അക്ഷയ, ആദിഷ്, വരുണപ്രിയ, ഫാത്തിമ മുർഷിദ എന്നീ ബോട്ടുകളും ശിവപുത്രി എന്ന വഞ്ചിയുമാണ് യന്ത്രതകരാർ സംഭവിച്ചു കടലിൽ കുടുങ്ങിയത്. ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോസ്‌മെന്റ് വിഭാഗത്തിന്റെയും ഇടപെടൽകൊണ്ട് ബോട്ടുകളും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി പുതിയാപ്പ ഹാർബറിൽ എത്തിക്കുകയായിരുന്നു. മോശം കാലാവസ്ഥ കാരണം എഞ്ചിൻ തകരാറിലായ, മൂന്ന് മത്സ്യതൊഴിലാളികൾ അടങ്ങിയ ഫാത്തിമ മുർഷിത എന്ന യാനം മറൈൻ ആംബുലൻസിന്റെ സഹായത്തോടെയാണ് ബേപ്പൂർ ഹാർബറിൽ എത്തിച്ചത്.
6652 യാനങ്ങൾ
തോണികളും ബോട്ടുകളും ഉൾപ്പെടെ ജില്ലയിൽ ഏകദേശം 6652 യാനങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾ 19584 പേർ വരും. ബോട്ടുകളിലെ തൊഴിലാളികൾ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ആദ്യ വിളി കൺട്രോൾ റൂമിലേക്ക്
യാത്രപുറപ്പെടുന്ന ബോട്ടുകൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ തൊഴിലാളികൾ കണ്ട്രോൾ റൂമിലേക്കാണ് ആദ്യം വിളിക്കുക. പിന്നീട് ഫിഷറീസ് വകുപ്പ് മറൈൻ എൻഫോസ്‌മെന്റിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങും. നിലവിൽ ബേപ്പൂരിൽ മറൈൻ ആംബുലൻസ് ഉണ്ട്. കൊയിലാണ്ടി ഹാർബറിൽ ഐശ്വര്യ എന്ന പേരിൽ ഒരു റെസ്ക്യൂ ബോട്ടും ഉണ്ട്. പുതിയാപ്പ മുതൽ കൊയിലാണ്ടി വരെയുള്ള പ്രദേശങ്ങളിൽ രക്ഷപ്രവർത്തന വിളികൾ വരുമ്പോൾ ഈ ബോട്ട് ആണ് ഉപയോഗിക്കുന്നത്. ഇതൊന്നും മതിയാവാത്ത പക്ഷം ട്രോൾ പാനലിൽ നിന്ന് വാടകക്കായി ബോട്ടുകൾ എടുക്കും.
കോസ്റ്റൽ പോലീസിലേക്കും രക്ഷാപ്രവർത്തന വിളികൾ വരാറുണ്ട്. ജില്ലയിൽ ബേപ്പൂർ, എലത്തൂർ, വടകര എന്നിവിടങ്ങളിലായി മൂന്നു കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ ആണുള്ളത്. ഓരോന്നിലും ഒരു പോലീസ് ബോട്ട് രക്ഷപ്രവർത്തനത്തിനുണ്ട്.
കോസ്റ്റൽ പോലീസിന് മത്സ്യത്തൊഴിലാളികൾ അടങ്ങിയ കടലോര ജാഗ്രത സമിതി എന്ന കൂട്ടായ്മയുണ്ട്. കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട്. സമിതി ചേർന്ന് മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശങ്ങളും ട്രോളിംഗ് കാലത്തെ മാർഗനിർദേശങ്ങളും മറ്റും നൽകുക പതിവാണ്.
കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാർക്ക് പുറമേ കോസ്റ്റൽ ഗാർഡും രക്ഷാപ്രവർത്തനത്തിനുണ്ട്. മീൻപിടുത്തക്കാരിൽ നിന്ന് തന്നെ തെരഞ്ഞെടുത്തവരാണ് കോസ്റ്റൽ ഗാർഡുമാർ. നന്നായി നീന്താൻ അറിയുന്നവരും കടലിനെ ആഴത്തിൽ അറിയുന്നവരുമാണ് ഇവർ. ഇവരുടെ കടലറിവ് പോലീസിനെ വലിയ രീതിയിൽ തുണയ്ക്കുന്നു.