കോഴിക്കോട്; ടെറസിനു മുകളിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക്ക് (12) ആണ് മരിച്ചത്.
ഈ മാസം 24നാണ് ഷോക്കേറ്റത്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിഞ്ഞത്. മാലിക്ക് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
എഴുപത് ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. ടെറസിന്റെ മുകൾ ഭാഗത്ത് കൂടെ കടന്നു പോകുന്ന ലൈനിലേക്ക് 2 മീറ്റർ മാത്രമാണ് അകലമുള്ളത്.