45 മണിക്കൂർ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കന്യാകുമാരിയിലെത്തും. ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽ പ്രവേശിക്കുക. നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിവേകാനന്ദപ്പാറയിൽ വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി.
കനത്ത സുരക്ഷാസന്നാഹമേർപ്പെടുത്തിയ തീരത്ത് ബുധനാഴ്ച സഞ്ചാരികളെ പരിശോധനയ്ക്കുശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്. വ്യാഴാഴ്ച വൈകീട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാകും.
സുരക്ഷാക്രമീകരണങ്ങൾക്കായി നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയിലെ പൊലീസ് ഔട്ട്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികൾ ബുധനാഴ്ച നടന്നു. അദ്ദേഹം ധ്യാനമിരിക്കുന്ന മണ്ഡപത്തിൽ എയർ കണ്ടീഷൻ സ്ഥാപിച്ചതുൾപ്പെടെ വിവേകാനന്ദ സ്മാരകത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ 45 മണിക്കൂറാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്നത്.
30-ന് വൈകീട്ട് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലെത്തുന്ന പ്രധാനമന്ത്രി 31-ന് പകലും രാത്രിയും അവിടെ ധ്യാനനിരതനാകും.ജൂൺ ഒന്നിനു വൈകീട്ട് വിവേകാനന്ദപ്പാറയിൽനിന്നു കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനമാർഗം ഡൽഹിയിലേക്കു മടങ്ങും. വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലിക്കോപ്റ്ററിൽ കന്യാകുമാരിയിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി 4.35-ന് അവിടെയെത്തും. തമിഴ്‌നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് കന്യാകുമാരി പൂംപുഹാർ ബോട്ടുജെട്ടിയിൽനിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും.
അതേസസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം ‘പരോക്ഷ പ്രചാരണ’മാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും, വിലക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. മൗനവ്രതം നടത്തുന്നതു പ്രശ്‌നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിങ്വിയുടെ വാദം. രൺദീപ് സുർജേവാല, ഡോ. നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.