കേരളത്തിൽ മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തുളസിച്ചെടി. ആചാരപ്രകാരവും ആരോഗ്യപരമായും ഒത്തിരി ഗുണങ്ങളാണ് ഈ ചെടി നമുക്ക് നൽകുന്നത്. മുറിവ് ഉണങ്ങുന്നതിന് നാം തുളസിച്ചെടി ഉപയോഗിക്കാറുണ്ട്. തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കുട്ടിക്കാലം മുതൽ നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഇന്നും പലർക്കും തുളസി തരുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ല. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളം എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നതെന്ന് നോക്കിയാലോ?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
തുളസിയിൽ ആന്റി ഓക്സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും സമ്പുഷ്ടമാണ്. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ജലദോഷം, പനി എന്നിവ വരുന്നത് തടയുന്നു.
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
ഈ കാലഘട്ടത്തിൽ നിരവധിപേർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സമ്മർദ്ദവും ഉത്കണ്ഠയും. തുളസി വെള്ളം കുടിക്കുന്നത് ഇതിനെ ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജെനികൾ ശരീരത്തിലെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
ദഹനപ്രശ്നങ്ങൾ അകറ്റുന്നു
വയറുവേദന, ഗ്യാസ്, ദഹനപ്രശ്നങ്ങൾ എന്നിവ അകറ്റുന്നതിന് തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനനാളത്തിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുന്നു.
വായയുടെ ആരോഗ്യം
തുളസിയിലെ ആന്റിമെെക്രോബയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളെ ചെറുക്കാനും മോണരോഗങ്ങളെ തടയാനും സഹായിക്കുന്നു. തുളസി വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് മോണ വീക്കത്തെ ശമിപ്പിക്കുന്നു. തൊണ്ട വേദനയുണ്ടാവുമ്പോൾ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടിൽ കവിൾകൊണ്ടാൽ മതി.
ശ്വാസകോശാരോഗ്യം
തുളസി വെള്ളം കുടിക്കുന്നത് ശ്വാസകോശാരോഗ്യത്തെ സഹായിക്കുന്നു. ആസ്‌ത്‌മ, ബ്രോങ്കൈറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.തുളസിയുടെ വെള്ളത്തിന് മാത്രമല്ല അതിന്റെ പൂവും തണ്ടും വരെ നിരവധി രോഗങ്ങളെ ചെറുക്കാൻ ശേഷിയുണ്ട്. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തലവേദന മാറുന്നതിന് തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുക. നേത്ര രോഗങ്ങൾ ചികിത്സിക്കാൻ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണിൽ ഇറ്റിക്കുന്നത് വേദന അകറ്റാൻ സഹായിക്കും. കുറച്ച് തുളസിയില ദിവസവും കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും.