“മനസ്സിന്റെ തീരത്തഴകിൽ
കാവ്യങ്ങൾ തീർക്കാൻ വായോ…”
‘പാപനാശിനി’യിൽ സ്പുടം ചെയ്തെടുത്ത അക്ഷരങ്ങളുമായി ഉച്ചവെയിലിൽ, പിഞ്ഞിയ കീശയിലെ കടലാസു തുണ്ടിൽ നാലുവരി കവിതകളുമായി അയാൾ നടന്നു നീങ്ങാറുണ്ട്..
“തീ പിടിച്ച പോലൊരു മനുഷ്യൻ ” എന്നാണ് സാഹിത്യകാരൻ മുഹമ്മദ് അബ്ബാസ് ആ കവിയെ ഉപമിച്ചത്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും രാകിമിനുക്കിയെടുത്ത വികാര തീവ്രവും ഭാവസാന്ദ്രവുമായ ആ കവിതകൾ ‘കള്ളം പറയുന്ന സിനിമകളെ’ക്കാൾ ചുട്ടു പൊള്ളുന്നതാണ്..
ഇന്നിപ്പോൾ ‘പൊയിൽക്കാവിന്റെ കവിതകൾ’ കേരള പാഠാവലി ഏഴാം തരത്തിൽ കുട്ടികൾക്ക് പഠിക്കാനായി തയ്യാറായിരിക്കുന്നു. കബളിപ്പിക്കപ്പെടലിന്റെയും അവഗണനയുടെയും രുചി ഒരുപാട് തൊട്ടറിഞ്ഞ നമ്മുടെ നാടിന്റെ കവി “സത്യചന്ദ്രൻ പൊയിൽക്കാവ് ” അംഗീകരിക്കപ്പെടലിന്റെ നിറവിലാണ്. “ശ്യാമവാനിൽ ഒരു മഴവില്ല് ” എന്നാണ് ഈ സന്തോഷ നിമിഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ആ മാരിവില്ലഴക് നമ്മുടെ കുട്ടികൾ ആസ്വദിച്ചറിയട്ടെ…
‘മണലിനായ് നടന്ന് നടന്ന് അയാൾ പുഴയിൽ തന്നെ താമസമാക്കി’ എന്നു പറഞ്ഞതു പോലെ അക്ഷരങ്ങളിലൂടെ അലഞ്ഞ് കവിതയുടെ പുഴയിൽ അയാൾ നീരാടി.,
അപ്പോഴും അദ്ദേഹം സിനിമാമോഹവുമായി കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു. പണവും പ്രശസ്തിയും മോഹിച്ചവർ ആ കഥകളൊക്കെയും കട്ടെടുത്തു. കപട ലോകത്തു ആത്മാർത്ഥമായ ഹൃദയമുള്ളൊരു വ്യത്യസ്തനായൊരു പാവമാം കവി ‘ദൈവമേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ‘ എന്നു കവിതയെഴുതി. ‘ജീവിച്ചിരിക്കാത്ത സാക്ഷി ‘ മാത്രമുള്ള ആ കഥകളുടെ ഉടമ താനാണെന്ന് ആരോട് പറയുമെന്ന് കവി പൊള്ളുന്ന അക്ഷരങ്ങൾ കൊണ്ട് ചോദിക്കുന്നു…
‘ഏലവും കുരുമുളകുമല്ലേ നിങ്ങൾക്ക് കൊണ്ടുപോവാൻ പറ്റുള്ളൂ, ഇവിടുത്തെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാൻ പറ്റില്ലല്ലോ’ എന്നു സാമൂതിരി പറങ്കികകളോട് പറഞ്ഞതു പോലെ, അനുഭവങ്ങളുടെ ആഴങ്ങളിൽ സ്പുടം ചെയ്തെടുത്ത ആ കവിമനസ്സ് ആർക്ക് കട്ടെടുക്കാനാവും.?
‘സത്യചന്ദ്രൻ പൊയിൽക്കാവ് ‘ ഇനിയും കഥകൾ പറയും. ‘ശേഷം ഭാഗം സ്‌ക്രീനിൽ’ എന്റെ തല എന്റെ ഫിഗർ എന്നത് പോലെ നമ്മുടെ നാടിന്റെ പേര് തെളിഞ്ഞു വരും…
കാലനിയോഗം പോലെ, കാവ്യനീതി പോലെ ‘ഒരു നാൾ വരും’…
ആശംസകൾ സത്യേട്ടാ..