IPL- ഇന്ത്യൻ പ്രീമിയർ ലീഗ്,ക്രിക്കറ്റ് ആരാധകർക്ക് വിനോദത്തിൻ്റെ വിശാല ലോകം പടുത്തുയർത്തിയ കേളി വസന്തത്തിന് തിരശ്ശീല വീഴാറാവുമ്പോൾ

2 മാസത്തിലേറെയായി ക്രിക്കറ്റ് ആരാധകർക്ക് വിനോദത്തിൻ്റെ വിശാല ലോകം പടുത്തുയർത്തിയ കേളി വസന്തത്തിന് തിരശ്ശീല വീഴാറാവുമ്പോൾ

അവസാന അങ്കം കുറിക്കാനൊരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേർസ് ഹൈദരാബാദും

മലായളികളുടെ രോമാഞ്ചമായ സഞ്ജു സാംസണും കൂട്ടാളികളുമായിരുന്നു എൻ്റെയും ഫേവറിറ്റുകൾ

നിരാശ നിഴലിക്കുന്ന പതനത്തോടെ രാജസ്ഥാനികൾ കളം വിടുമ്പോഴും ഇതൊരു യുദ്ധമല്ല , കളിയാണെന്ന ആശ്വാസത്തിൽ സമാധാനം തേടുന്നു നാമും

പൊള്ളുന്ന ചൂടിലും, തുള്ളിയാർത്ത പേമാരിയിലും, തിരഞ്ഞെടുപ്പ് കാഹളത്തിൻ്റെയും, ഉൽസവ ആഘോഷങ്ങളുടേയും , കല്യാണ മംഗള ഘോഷങ്ങളുടേയും ഇടയിലായാൽ പോലും നാം IPL മൽസരങ്ങളുടെ ആവേശത്തിൽ ഇളകിയാർത്തവരാണ്

ക്രിക്കറ്റ് എന്ന കായികയിനം നമ്മൾ ഇന്ത്യക്കാർക്ക് അത്രമേൽ ഹൃദയഹാരിയായ പ്രണയ കഥയോ അല്ലെങ്കിൽ ആവേശവും, രോമാഞ്ചവും വിരിവിതറിയ ത്രില്ലറുകളോ പോലെ ഒട്ടിപ്പിടിച്ച ഒന്നാണ്!

ഫൈനലിലേക്കെത്തുമ്പോൾ സൺറൈസേർസ് ഹൈദരാബാദിൻ്റെ സ്വപ്നതുല്യമായ പ്രയാണം ഓർത്തെടുക്കുകയാണ് ഞാൻ. അതത്രയേറെ പ്രണയാർദ്രമെങ്കിൽ ഒരു വേള വിസ്മയം ജനിപ്പിക്കുന്ന ത്രില്ലറുകളുമാണ്

കഴിഞ്ഞ സീസണിൽ അവസാനക്കാരായവർ ഇത്തവണ അവസാന യുദ്ധത്തിൽ പങ്കാളികൾ എന്നത് വിപ്ലവാത്മകമായ പുരോഗതിതന്നെയല്ലേ

പാതാളത്തിലേക്ക് വീണവർക്ക് , ഇരുട്ടിൻ്റെ അഗാധമായ ഗർത്തത്തിലേക്ക് നിലം പതിച്ചവർക്ക് , ഒരു കൈ വേണമായിരുന്നു പിടിച്ച് കയറുവാനായി

അവർ പതിയെ പതിയെ ഉള്ളറിയുകയായിരുന്നു , തങ്ങൾ സ്പർശിച്ച മൃദുലമായ ആ കൈകൾ മാലാഖയെ പോലെ പുഞ്ചിരിച്ച്, വാഴ്ച്ചയിലും – വീഴ്ച്ചയിലും ഒരു പോലെ കൂടെ നിന്ന്, തങ്ങൾക്ക് സമ്മർദ്ധരഹിതമായി ആനന്ദിച്ച്, ആസ്വദിച്ച് , സ്വാതന്ത്ര്യത്തോടെ പ്രതിഭ തുറന്നിടാനും അവസരം നൽകുന്ന ഒരാളുടെതാണെന്ന് !

ആ ആൾ പ്രകാശം ചൊരിയുന്ന ഉദയ സൂര്യനായി അവതരിച്ചു കഴിഞ്ഞെന്ന് !

പാറ്റ് കമ്മിൻസ് എന്ന ഓസ്ട്രേലിയക്കാരൻ ഹൈദരാബാദികളുടെ ഉദയസൂര്യനായി വാഴ്ത്തപ്പെട്ടിരിക്കുകയാണ്

ബൗളർമാർ നിർദ്ദയം തല്ല് വാങ്ങുമ്പോഴും, ഫീൽഡേഴ്സ് ക്യാച്ചുകൾ പാഴാക്കുമ്പോഴും, ബാറ്റ്സ്മാൻമാർ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുമ്പോഴും അയാളുടെ ശാന്തതയും, സമചിത്തതയും, ഹൃദയ നിർമ്മലതയുടെ പനിനീർ മണം ചൊരിയുന്ന പാൽപുഞ്ചിരിയും , ടാജ്മഹൽ പോലെ മനോഹരവും അത്ഭുതവുമാണ്

ദിവസങ്ങൾ നീണ്ട വലിയ ടൂർണ്ണമെൻ്റുകളിൽ എങ്ങിനെ നയിക്കണമെന്നും, ടീമിനെ ഒരുക്കണമെന്നും, ചേർത്തു പിടിക്കണമെന്നും ഉള്ളതിന് പാറ്റിനോളം തികഞ്ഞ പാഠ പുസ്തകം വേറെയൊന്നില്ല

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും, ഏകദിന ലോകകപ്പും രാജ്യത്തിനായി സമർപ്പിച്ച അയാൾ ആഷസിൽ ബേസ് ബോളിൻ്റെ വമ്പുമായി എത്തിയ ഇംഗ്ലീഷ് കൊമ്പൻമാർക്ക് കൂച്ച് വിലങ്ങിട്ട അത്ഭുത കഥകൾ നാളെകളിൽ പാടി നടക്കാനുള്ള നല്ല അഴകൊഴമ്പൻ പാണൻ പാട്ടുകളായേക്കാം

വേഗതയും, ബൗൺസും, മൂവ്മെൻ്റും സുന്ദരമായി ആ കൈവിരലുകളിൽ നിന്നും പ്രവഹിക്കുന്നതിന് നാം ദൃക്സാക്ഷികളാണ്

മഗ്രാത്തിനെ പോലെ ലൈനും , ലെംഗ്തും കാത്തു സൂക്ഷിക്കുന്ന പാറ്റ്, ആറ്റിറ്റ്യൂഡ് കൊണ്ട് മഗ്രാത്തിനപ്പുറം ഹൃദയങ്ങൾ കവരുന്ന മാന്ത്രികനാണ്!

സ്വിംഗിൽ കാര്യമായൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും , അവസരത്തിനൊത്ത് പ്രതിഭ തുറന്നിടാനുള്ള ഒരു ബൗളറുടെ മനോധർമ്മം കമ്മിൻസിനോളം ആധുനിക ക്രിക്കറ്റിൽ ഏറെ പേർക്കില്ല

ഈ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ കമ്മിൻസിൻ്റെ ഓഫ് , ലെഗ് കട്ടറുകൾക്ക് മുമ്പിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിച്ചു

പാറ്റ് ൻ്റെ ബൗളിംഗ് കൃത്യതക്ക് മുന്നിൽ , ബാറ്റിംഗിലെ വിശ്വസ്തൻ സാക്ഷാൽ വിരാട് ഒരു നിമിഷം തലകുനിച്ചപ്പോൾ തന്നെ ലോകകപ്പ് പൂർണ്ണമായും ഇന്ത്യയിൽ നിന്നും നമ്മോട് യാത്ര പറഞ്ഞതോർക്കുന്നില്ലേ നിങ്ങൾ

ലോകകപ്പിൽ ഒരു മൽസരത്തിൽ അഫ്ഗാനോട് മുൻ നിര തകർന്നടിഞ്ഞപ്പോൾ, ഇരട്ട സെഞ്ചുറിയുമായി ഐതിഹാസികമായി പിന്തുടർന്ന് വിജയിച്ച മാക്സ്വെല്ലിൻ്റെ ധീരഗാഥ പാടി പുകഴ്ത്തിയവരാണ് നാം. എന്നാൽ അന്ന് വാലറ്റത്തെ അഫ്ഗാൻ കൂട്ടക്കശാപ്പിന് തടയിട്ട് 68പന്തു ചെറുത്ത് നിന്ന് 12 റൺസുമായി പുറത്താവാതെ നിന്ന പാറ്റ് ൻ്റെ മനോധൈര്യമുണ്ടല്ലോ കൂട്ടരെ, ഇപ്പഴും രോമം എഴുന്നു നിൽക്കും ഓരോ ക്രിക്കറ്റ് പ്രേമിക്കും!

ഈ കൃത്യതയും, മനോധർമ്മവും, വിജയ ദാഹവും ആയിരിക്കാം ഒരു നായകനായപ്പോഴും കമ്മിൻസിനെ തുണച്ചതും, വാനോളം ഉയർത്തിയതും !

പുഴപോലെ പ്രവഹിക്കുന്ന പാറ്റ് കമ്മിൻസിൻ്റെ ശുദ്ധമായ നീരൊഴുക്കിൽ അറിയാതെ ആനന്ദ സ്നാനം ചെയ്യുമ്പോൾ , ഓർത്തു പോവുന്നു ജസ്പ്രീത് ബുമ്ര പോലൊരാൾക്ക് നായകത്വം നൽകാൻ മുംബൈ ഇന്ത്യൻസും, ടീം ഇന്ത്യയും മടിക്കുന്ന ഹൃദയഭേദകമായ ദുരവസ്ഥ. ഒരു ബൗളർക്ക് മികച്ച ക്യാപ്റ്റനാവാം എന്നതിൻ്റെ ഏറ്റവും മികച്ച അടയാളമായി പാറ്റ് നിൽക്കുമ്പോൾ ഇപ്പഴും ഇന്ത്യക്കാർ കണ്ണുകൾ അടച്ച് പിടിച്ചിരിക്കുകയാണ്

ടെസ്റ്റിലും, ഏകദിനത്തിലും ലോകം കീഴടക്കിയ ഈ ഓസ്ട്രേലിയൻ മജീഷ്യനിൽ നിന്നും ഒരു കിരീടത്തിൽ കുറഞ്ഞതൊന്നും SRH സ്വപ്നം കാണുന്നില്ല

SRH ന് മുമ്പേ ഹൈദരാബാദിൻ്റെ ടീമായ ഡെക്കാൺ ചാർജേഴ്സ് 2009 ൽ ചാംപ്യൻമാരായപ്പോൾ അവരെ നയിച്ചത് ആഡം ഗിൽക്രിസ്റ്റായിരുന്നു

2016 ൽ SRH ചാംപ്യൻമാരായപ്പോൾ അവരെ നയിച്ചത് ഡേവിഡ് വാർണർ

2024 ൽ മറ്റൊരു ഓസ്ട്രേലിയൻ ഇതിഹാസത്തിൻ്റെ ക്യാപ്റ്റൻസിയിൽ ഒരു കിരീട സ്വപ്നത്തിൽ നാം അവരെ എങ്ങിനെ പഴിക്കും ?

2018 ൽ SRH നെ നയിച്ച മാന്യതയുടെ മാലാഖ പുഞ്ചിരി വിരിഞ്ഞ കീവിസ് നായകൻ്റെ ആ സ്നേഹ മുഖം പോലെ തന്നെയാണ് പാറ്റ് ൻ്റെ ഹൃദ്യമായ സമീപനങ്ങളും

പക്ഷേ കെയ്ന് നെ പോലെ പാറ്റ് ഫൈനലിൽ ഇടറില്ല എന്ന് SRH ആരാധകർ സ്വപ്നം കാണുകയാണ്!

ക്ലാസനും, ഹെഡും , ഭുവിയും ലോക നിരവാരമുള്ള പടയാളികൾ ഇവർക്കൊപ്പം അഭിഷേക് ശർമ്മയും, നടരാജനും പാറ്റ്ൻ്റെ അകമഴിഞ്ഞ പിന്തുണയിൽ അത്ഭുതം ചമച്ചവരാണ്. അന്ത്യത്തോടടുക്കുമ്പോൾ രാഹുൽ ത്രിപാഠിയും, ഷഹബാസ് അഹമ്മദും കൂടെ തങ്ങളുടെ വിശേഷ കഴിവുകൾ ഓരോന്നായി പുറത്തേക്ക് എയ്ത് വിടാൻ തുടങ്ങിയതോടെ SRH ഒരു വൻ പടക്കോപ്പായി എതിരാളികളിൽ ഭീതി ജനിപ്പിക്കുകയാണ്. ഏയ്ഡൻ മാർക്രമെന്ന സൗത്താഫ്രിക്കൻ ബാറ്റിംഗ് സുന്ദരൻ കൂടെ ഫോമിലായാൽ സൺറൈസേഴ്സ് കൊൽക്കൊത്തക്ക് മുന്നിൽ തീക്കാറ്റായി പടർന്നു കയറും!

മികച്ച പ്രതിഭകളുടെ കൂട്ടവുമായി പലരും മുമ്പേ കടന്നു വന്നിട്ടുണ്ട്. എന്നാൽ ആ കൂട്ടത്തെ മുന്നിൽ നിന്നും നയിക്കാൻ ഒരു നായകനില്ലാത്തോണ്ട് മാത്രം ചിതറിത്തെറിച്ച് പോയ ചരിത്രമാണ് IPL ൽ കൂടുതലായും

SRH ഇന്ന് പ്രതിഭകളുടെ വെറുമൊരു കൂട്ടമല്ല ,അവർക്കിന്നൊരു നായകനുണ്ട്

മാലാഖയെ പോലെ ചിറക് വിരിച്ച്, പാൽപുഞ്ചിരി തൂകി , വെള്ളാരം കണ്ണുകളിൽ വിജയത്തിൻ്റെ തിളക്കം ഒളിപ്പിച്ചു വെച്ചൊരാൾ

ചുറ്റിലും പ്രകാശം പരത്തുന്ന അവരുടെ ഉദയ സൂര്യൻ

കാവ്യ മാരൻ എന്ന സുന്ദരിയായ SRH ഓണർക്ക് സ്വയം മറന്ന് നൃത്തച്ചുവടുകൾ വയ്ക്കാൻ , ആനന്ദിക്കാൻ, ആഘോഷിക്കാൻ വക ഒരുക്കുന്നവൻ

നായകനായും , ബൗളറായും ആടിത്തിമിർക്കുന്ന നിങ്ങളുടെ നടനം എത്ര മോഹനമാണ് കൂട്ടുകാരാ

ഹൈദരാബാദുകാർ നിങ്ങളുടെ പട്ടാഭിഷേകത്തിനായി കാത്തിരിക്കുകയാണ് പ്രിയപ്പെട്ട പാറ്റ്

നിങ്ങൾ അവരെ വിജയത്തിലേക്ക് നയിക്കുക ❤️

Leave a Reply

Your email address will not be published.

Previous Story

ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

Next Story

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് വയസുകാരന് ദാരുണാന്ത്യം

Latest from Sports

‘അത്ഭുതങ്ങളൊപ്പിച്ച് വീണ്ടും ഒരു ജൂലായ് 14 ‘Super Sunday’

ഇലത്തുമ്പിലേക്ക് പെയ്ത് നിറയുന്ന മഴത്തുള്ളികളുടെ മധുര സംഗീതം പോലെയായിരുന്നു പോളിനിയുടെ പൊട്ടിച്ചിരി പക്ഷേ ജയിക്കാൻ അത് മാത്രം പോരല്ലോ ഹൃദയം നിറയ്ക്കുന്ന

അലസതയുടെ കിതപ്പും, കുതിപ്പിനിടയിലെ നിർഭാഗ്യങ്ങളും; ജർമ്മൻ കലത്തിൽ വേവിച്ചെടുത്ത കലക്കൻ സ്പാനിഷ് മസാല- വിപിൻദാസ് മതിരോളി

അത്രയൊന്നും ആനന്ദം പ്രദാനം ചെയ്യാതെ ഷൂട്ടൗട്ടിൻ്റെ സമ്മർദ്ദത്തിലേക്ക് കടന്ന സൂപ്പർതാര മത്സരങ്ങൾക്കിടയിൽ ക്രിസ്റ്റ്യാനോക്കും മെസിക്കും മ്പാപ്പെക്കും ഇടയിൽ നടന്ന ഒരു മത്സരം;

മലബാർ റിവർ ഫെസ്റ്റിവൽ പത്താമത് എഡിഷൻ ജൂലൈ 25 മുതൽ; 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു

ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ കോഴിക്കോട്

‘ആത്മവിശ്വാസത്തിൻ്റെ നിറകുടമായി അൽക്കാരസ് ഉദിച്ചുയർന്ന അത്ഭുത നിശ’

22 ഗ്രാൻ്റ്സ്ലാമുകളിൽ 14 എണ്ണവും ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റോളണ്ട് ഗാരോസിലെ ടെന്നീസ് പ്രണയികളേയും , കളിമൺ കോർട്ടിലെ ഓരോ മണൽത്തരികളേയും