സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിനരികെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത എന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കും എന്നാണ് പ്രവചനം. റെമാല്‍ നാളെ രാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് പ്രവചനം. മലയോര മേഖലകളിലും ജാഗ്രത തുടരണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ നാളേയും മറ്റന്നാളും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. അതേസമയം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം എന്ന് തീരദേശവാസികളോട് അധികൃതര്‍ നിര്‍ദേശിച്ചു.