മമ്മൂട്ടി ഇത്തവണ തന്റെ ആരാധകർക്കുവേണ്ടി ചെയ്ത മാസ് എന്റർടെയ്നറാണ് ടർബോ. ഉദയ്കൃഷ്ണയ്ക്കു പകരം മിഥുൻ മാനുവൽ തോമസിനെ കൂടെക്കൂട്ടിയ വൈശാഖ് ഇത്തവണ സ്ഥിരം ‘തമാശ’ലൈൻ ഒന്നു മാറ്റിപ്പിടിച്ചിട്ടുണ്ട്. മിഥുന്റെ പതിവ് ഇൻവെസ്റ്റിഗേഷൻ, ഡാർക് മോഡ് രീതിയല്ല ടർബോയുടേത്. ഒരുപക്ഷേ, ആക്ഷനാണ് കഥയേക്കാൾ മുന്നിട്ടുനിൽക്കുന്നത്
ഇടുക്കിയിലെ തന്റെ ഗ്രാമത്തിലെ ഏലത്തോട്ടത്തിലൂടെ അമ്മയുടെ കൂടെ നടന്നു വരുന്ന ജോസൂട്ടി. നാടുകാണാനെത്തുന്ന വിദേശികളെ ട്രക്കിങ്ങിനു കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവറാണ് ജോസ്. അമ്മ പറഞ്ഞാൽ അക്ഷരംപ്രതി അനുസരിക്കുന്ന മകൻ. എന്നാൽ അലമ്പിന്റെ കാര്യത്തിൽ നമ്പർ വൺ. ടർബോ ജോസിന്റെ ഇടികാണാൻ മാത്രം പള്ളിപ്പെരുന്നാള് കൂടാൻ വരുന്ന നാട്ടുകാർ. ആദ്യത്തെ പത്തു മിനിറ്റുകൊണ്ട് ജോസിന്റെ പശ്ചാത്തലം വൈശാഖ് വിവരിക്കുന്നുണ്ട്.
വളരെ ലളിതമായാണ് മമ്മൂട്ടിയുടെ ഇൻട്രോ. പക്ഷേ അഞ്ചു മിനിറ്റ് തികയുംമുൻപേ ‘മെഗാഷോ’യുമായി ഒരു സെക്കൻഡ് ഇൻട്രോ കൂടി വരുന്നു. ആരാധകർ ഇളകിമറിയുന്ന ‘ടർബോ ഡീസൽ’ ഇൻട്രോ. അതോടുകൂടി പടത്തിന്റെ ഗ്രാഫ് എതിലെയാണ് പോവുന്നതെന്ന് ഏകദേശം വ്യക്തമാവുന്നുണ്ട്. തന്നെ ജോസേട്ടനെന്നു വിളിച്ചു കൂടെ നടക്കുന്ന, സ്വന്തം അനിയനെപ്പോലെ സ്നോഹിക്കുന്നൊരാളുടെ ജീവിതം എങ്ങനെയാണ് ജോസിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതെന്നതാണ് ടർബോയുടെ കഥ.
തരക്കേടില്ലാത്ത ആദ്യപകുതി അവസാനിക്കുന്നത് മോശമല്ലാത്തൊരു ട്വിസ്റ്റോടുകൂടിയാണ്. പിന്നീടങ്ങോട്ട് രണ്ടാംപകുതി കറ തീർന്ന ത്രില്ലർമോഡിലേക്ക് മാറുന്നു. മമ്മൂട്ടിയുടെ ആക്ഷൻ സീക്വൻസുകളിലെ പെർഫക്ഷനാണ് രണ്ടാംപകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. വൈശാഖിന്റെ പോക്കിരിരാജയും പുലിമുരുകനുമൊക്കെ കണ്ട കാണികൾക്ക് ടർബോയുടെ കഥയെങ്ങോട്ടാണു പോവുന്നതെന്ന് മനസ്സിലാകും. പക്ഷേ അതൊന്നും ചിന്തിക്കാനുള്ള ഗ്യാപ് ഒരിടത്തും വൈശാഖ് കൊടുക്കുന്നില്ല. തീർക്കാൻ പറ്റാത്തതൊന്നും ടർബോ ജോസ് തുടങ്ങിവച്ചിട്ടില്ലെന്ന് നായിക തന്നെ വിശേഷിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ആക്ഷൻ പാക്കേജ് ഒരുക്കാൻ വൈശാഖിന് കഴിയുന്നുണ്ട്. തമിഴിലെ സൂപ്പർതാരത്തിന്റെ വോയ്സോവറിലൂടെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് വൈശാഖ് സിനിമ അവസാനിപ്പിക്കുന്നത്.
രാജ് ബി ഷെട്ടിയുടെ വരവാണ് ടർബോയുടെ നട്ടെല്ല്. ‘ഗരുഢഗമന ഋഷഭവാഹന’ പോലുള്ള സിനിമകളിലൂടെ ഞെട്ടിച്ച പവർപാക്ക്ഡ് പെർഫോമൻസ് മലയാളത്തിൽ ആദ്യമായി കാണുന്നതിന്റെ ഫ്രഷ്നസ് വൈശാഖ് വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ട്. തെലുങ്കിൽ നിന്നുള്ള സുനിലിന്റെ വരവും മോശമാക്കിയില്ല. കോമഡി ടച്ചുള്ള വില്ലൻവേഷവുമായി അദ്ദേഹവും തകർക്കുന്നുണ്ട്. എന്നാൽ ബിന്ദു പണിക്കരാണ് മറ്റെല്ലാവരേക്കാളും കയ്യടിയർഹിക്കുന്ന അഭിനേതാവ്. ബിന്ദുപണിക്കരെയല്ലാതെ മറ്റാരെയും ഈ വേഷത്തിൽ സങ്കൽപ്പിക്കാൻപോലും കഴിയില്ല. അത്രയേറെ മികവാർന്ന അഭിനയമാണ് അവരുടേത്. നായികയായെത്തിയ അഞ്ജന ജയപ്രകാശും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഛായാഗ്രഹണത്തിൽ വിഷ്ണു ശർമ വിശ്രമമില്ലാതെ പണിയെടുത്തതിന്റെ ഫലം വെള്ളിത്തിരയിൽ കാണാനുണ്ട്. ഇടുക്കിയിലെ പള്ളിപ്പെരുന്നാൾ, ചെന്നൈയിലെ നൈറ്റ് കാർ ചെയ്സ്, ക്ലൈമാക്സ് സീക്വൻസ് തുടങ്ങി ഛായാഗ്രഹണമികവ് എടുത്തുപറയാവുന്ന അനേകം മുഹൂർത്തങ്ങളുണ്ട്. പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യർ കൈമെയ് മറന്ന് അധ്വാനിച്ചിട്ടുണ്ട്. ക്ലൈമാക്സ് സീനും ചേസിങ്ങുമടക്കം ആദ്യാവസാനം ക്രിസ്റ്റോ കാണികളെ പിടിച്ചുകുലുക്കുന്നുണ്ട്. കഥയെ ഇടവേളകളില്ലാതെ തോളിലെടുത്തുയർത്തി മുന്നോട്ടു കൊണ്ടുപോവുന്ന പശ്ചാത്തലസംഗീതം.
ആദ്യാവസാനം ത്രില്ലടിച്ചു കാണാവുന്നതൊക്കെ വൈശാഖ് ഒരുക്കിയിട്ടുണ്ട്. സിനിമ കണ്ടു കഴിയുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത് മമ്മൂട്ടിയുടെ ആക്‌ഷനാണ്. മുണ്ടൊന്നു മടക്കിക്കുത്തുക പോലും ചെയ്യാതെയുള്ള ഇടി. തലകുത്തി മറിഞ്ഞുള്ള അടി, ഇടി, ഇടിയോടിടി. 440 വാട്ടിന്റെ ഹൈപവർ ഇടി. ഓരോ ഇടിയും ഓരോ ക്വിന്റൽ. ഈ മനുഷ്യൻ, ഇതെങ്ങനെ സാധിക്കുന്നുവെന്ന് ക്ലൈമാക്സ് കഴിയുമ്പോൾ ആരും ചോദിച്ചുപോവും.