കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസാ ബസാറില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച രാവിലെ 7 മണിക്ക് ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പർ കോച്ച് ബസ്സാണ് കൊടുവള്ളി മദ്രസ്സാ ബസാറിൽ വെച്ച് നിയന്ത്രണം തെറ്റി ഇരുനില ബിൽഡിങ്ങിലേക്ക് ഇടിച്ചു കയറി അപകടത്തിൽ പെട്ടത്.
അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ 10 പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെയും, പുറത്തേക്ക് തെറിച്ചു വീണ് പരിക്കേറ്റ യാത്രക്കാരിയടക്കം പരിക്കേറ്റ ആളുകളെ ആശുപത്രിയിലെത്തിച്ചു.
ബർത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവാവ് ബീമിനിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ നരിക്കുനി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ സേനാം ഗങ്ങൾ മുക്കാൽ മണിക്കൂർ സമയത്തെ കഠിന ശ്രമത്തിൽ ഹൈഡ്രോളിക്ക് കട്ടറിൻ്റെയും, സെപ്രഡറിൻ്റെയും സഹായത്താൽ കോൺക്രീറ്റ് ബീമിനുള്ളിൽ കുടുങ്ങി കിടന്ന യുവാവിനെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി ആശുപത്രി യിലേക്ക് കൊണ്ടു പോയി.
കൊടുവള്ളി പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു. സീനിയർ ഫയർ ഓഫീസർ വി.വിജയൻ, ഫയർ ഓഫീസർമാരായ ബിപുൽ, അനൂപ്, അരുൺ, വിജീഷ്,രഞ്ജിത്ത്, ജിനുകുമാർ, സൂരജ്,ഹോംഗാർ ഡുമാരായ രതനൻ, വേണുഗോപാൽ,രാമദാസ് എന്നിവരും , സംഭവസ്ഥലത്തു കൂടി യാത്ര ചെയ്തു പോകുകയായിരുന്ന കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ശരത്, മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ സജിത് ലാൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് ഭാഗികമായി തകർന്നു. കടയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബസ് ഡ്രൈവറുടെ പരുക്ക് അതീവ ഗുരുതരമെന്നാണ് വിവരം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. ബാഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസ്സ് ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ ഒരു യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു.