കുടയ്ക്ക് 100 മുതൽ 150 രൂപ വരെ വിലക്കുറവ്
ജില്ലയിലെ സ്കൂൾ മാർക്കറ്റുകൾ 45 സ്ഥലങ്ങളിൽ
പൊതുവിപണിയെക്കാൾ മികച്ച വിലക്കുറവും ഉന്നത ഗുണമേന്മയുമുള്ള സ്കൂൾ സാധനങ്ങളുടെ വൺ സ്റ്റോപ്പ് സെന്ററായി മാറിയിരിക്കയാണ് കൺസ്യൂമർഫെഡ് നടത്തുന്ന കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സ്റ്റുഡൻ്റ്സ് മാർക്കറ്റ്.
ബാഗ്, കുട, വെള്ളകുപ്പി, സ്കൂൾ/കോളേജ് നോട്ട്ബുക്, ബോക്സ്, പേന, പെൻസിൽ, ഇറേസർ, ഷാർപനർ, ലഞ്ച് ബോക്സ്, ബ്രൗൺ പേപ്പർ… എന്ന് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദിവസം ശരാശരി അഞ്ച് ലക്ഷം രൂപയുടെ കച്ചവടമാണ് നടക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡൻ്റ്സ് മാർക്കറ്റ് ആയ ഈ വിൽപ്പനശാലയിൽ ത്രിവേണി നോട്ടുബുക്കിനാണ് അന്നും ഇന്നും ഡിമാൻഡ്. കൺസ്യൂമർഫെഡിൻ്റെ ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്ക് സാധാരണ നോട്ട്ബുക്കുകളെ അപേക്ഷിച്ച് വലുപ്പം കൂടുതലും വില കുറവുമാണ്. പേജിന്റെ ഉന്നത ഗുണനിലവാരമാണ് പ്രത്യേകത. തമിഴ്നാട് സർക്കാരിൻ്റെ കീഴിലുള്ള ടി എൻ പി എല്ലിന്റെ (തമിഴ്നാട് ന്യൂസ് പേപ്പർ ലിമിറ്റഡ്) പേപ്പർ ടെൻഡർ വിളിച്ചാണ് നോട്ടുബുക്ക് നിർമാണം. കുന്നംകുളത്തെ ത്രിവേണിയുടെ തന്നെ യൂണിറ്റ് ആണ് നിർമിക്കുന്നത്.
ബാഗ് ഹൗസ് എന്ന നിലയിലും വിൽപ്പനശാല ഹിറ്റാണ്. ബ്രാൻഡഡ് ബാഗുകൾ മുതൽ സഹകരണ സംഘങ്ങൾ നിർമിക്കുന്ന ബാഗുകൾ വരെ ലഭ്യമാണ്. ബ്രാൻഡഡ് കുടകൾക്ക് മറ്റാരും നൽകാത്ത വിലക്കുറവുണ്ട്. ഒരു കുടയ്ക്ക് പൊതുവിപണിയെ അപേക്ഷിച്ചു എം ആർ പിയിൽ 100 മുതൽ 150 രൂപ വരെയാണ് കുറവ്. 200 കുടകളാണ് ദിവസം വിറ്റുപോകുന്നത്.
മറ്റ് പഠനോപരണങ്ങൾക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കാൻ കളിപ്പാട്ടവും വീട്ടകങ്ങളിലേക്ക് അത്യാവശ്യം ഗൃഹോപകരണങ്ങളുംസജ്ജമാക്കിയിട്ടുണ്ട്. ഈ രണ്ട് ഐറ്റത്തിനും 45 ശതമാനം വരെ വിലക്കുറവുണ്ട്.
ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും ആളുകൾ സാധനങ്ങൾ വാങ്ങാൻ ഇവിടേക്ക് വരുന്നതിന് പുറമെ മലപ്പുറം, വയനാട് ജില്ലകളിൽ നിന്നും ആവശ്യക്കാരുണ്ട്.
വിലക്കയറ്റം തടയാൻ സംസ്ഥാന സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് കൺസ്യൂമർഫെഡ് മുഖേന സ്കൂൾ മാർക്കറ്റുകൾ തുടങ്ങിയത്.
കേരളത്തിൽ ഇത്തരത്തിൽ 500 സ്കൂൾ മാർക്കറ്റുകളുണ്ട്. 172 എണ്ണം ത്രിവേണി സൂപ്പർ മാർക്കറ്റുകളായും 328 എണ്ണം സംസ്ഥാന സഹകരണ സംഘങ്ങൾ മുഖേനയുമാണ് നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ 45 സ്ഥലങ്ങളിലുള്ള സ്കൂൾ മാർക്കറ്റുകളിൽ 16 എണ്ണം ത്രിവേണി ആയും ബാക്കി സഹകരണ സ്ഥാപനങ്ങൾ വഴിയും പ്രവർത്തിക്കുന്നു.
മുതലക്കുളത്തെ സ്കൂൾ മാർക്കറ്റ് ജൂൺ 15ന് അവസാനിക്കും.