കഴിഞ്ഞ രണ്ടു വർഷമായി ബാലുശ്ശേരിയിൽ കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന “ജാസ്മിൻ ആർട്സിന്റെ ” രണ്ടാം വാർഷികാഘോഷം മെയ് 18ന് ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏഴ് ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങളാലപിച്ച ശ്രദ്ധേയനായ ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയായി. രണ്ടാമത് ജാസ്മിൻ മ്യൂസിക് അവാർഡ്, ചടങ്ങ് ഉദ്ഘാടനം ചെയ്ത ബാലുശ്ശേരി ഗ്രാമഞ്ചായത്ത് പ്രസി.രൂപലേഖ കൊമ്പിലാടിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.
സിനിമാ താരം ഡോ. നിധിന്യ .പി, ചെമ്പനീർപ്പൂവ് സീരിയൽ നായകൻ അരുൺ ഒളിമ്പ്യൻ , കരാട്ടെ പരിശീലന രംഗത്ത് 42 വർഷമായി പ്രവർത്തിക്കുന്ന കെ.പി.രാജഗോപാൽ, ബാലുശ്ശേരിയിലെ വോളീബോൾ രംഗം പരിപോഷിപ്പിക്കുന്നതിനായി 4 പതിറ്റാണ്ടായി പ്രവർത്തിച്ച എം.പി.അബ്ദുൾ സമദ്, എഴുത്തുകാരായ ഷിജിത്ത് പേരാമ്പ്ര, ഉഷാ.സി.നമ്പ്യാർ, സംസ്കൃത നാടകത്തിൽ ദേശീയ തലത്തിൽ ബെസ്റ്റ് ആക്ട്രസ് അവാർഡ് നേടിയ ദേവനന്ദ ശബരീഷ്എന്നിവർക്ക് അവാർഡുകൾ നൽകി.
ക്ലാസിക്കൽ നൃത്തരൂപങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സ്പെഷ്യൽ ഡാൻസ് പ്രോഗ്രാം , ഒ.എൻ.വി.കുറുപ്പിന്റെ “അമ്മ” കവിതയുടെ നൃത്താവിഷ്കാരം, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, ഓർക്കസ്ട്ര എന്നിവയും അരങ്ങേറി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ 34 ഹരിത കർമ്മ സേനാംഗങ്ങളെയും ഇതിന്റെ ഭാഗമായി ഉപഹാരം നൽകി ആദരിച്ചു. ജാസ്മിൻ ആർട്സ് സെക്രട്ടറി പ്രകാശ് കരുമല , പ്രസിഡണ്ട് പത്മനാഭൻ ‘ധന്യ’,ആഘോഷക്കമ്മിറ്റി ചെയർമാൻ അഡ്വ: പി.കെ. മനോഹരൻ, ഏഴാംവാർഡ് മെമ്പർ ഹരീഷ് നന്ദനം, എം.പ്രേമ എന്നിവർ സംസാരിച്ചു.