കോഴിക്കോട്: ദേശീയപാതാ നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്കരവും പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നുമുണ്ട്.
ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മഴക്കാല ദുരിതങ്ങൾ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുരിതപൂർണ്ണമാവും.
ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാർ കമ്പനിക്ക് നിർദ്ദേശം നത്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗത്തിൽ കെ മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സി പി ഐ സംസ്ഥാന എക്സി: അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പ്രസംഗിച്ചു.