കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ അറുപതാം വാർഷികാഘോഷം മെയ് 24,27 തിയ്യതികളിൽ നടക്കും. കീഴരിയൂർ വില്ലേജ് തുറയൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത്, ഡോ:എൻ.കെ. കൃഷ്ണൻ എന്ന ക്രാന്തദർശി മാനേജരായി. നടുവത്തൂർ അർജ്ജുനൻ കുന്നിലെ വിവേകാനന്ദ ഹാളിൽ 1964 ജൂണിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.
വർഷങ്ങൾ കഴിഞ്ഞ് 1976 ജൂണിൽ , തുറയൂരിൽ ബാഫകി തങ്ങൾ സ്മാരക ഹൈസ്കൂൾ സ്ഥാപിക്കപ്പെടുമ്പോഴേക്കും, ശ്രീവാസുദേവാശ്രമം ഹൈസ്കൂൾ വടകര വിദ്യാഭ്യാസ ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായി മാറിയിരുന്നു എന്നതാണ് ചരിത്രം. കീഴരിയൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുമ്പോൾ വന്നെത്തിയ അറുപതാം വാർഷികം, സ്കൂൾ ഏറ്റെടുക്കുന്നതിനുള്ള സർക്കാർ തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയാവും. പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി, പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് , ജില്ലാ പഞ്ചായത്തംഗംഎം.പി. ശിവാനന്ദൻ മുതലായവർ സംസാരിക്കും. യാത്രയയപ്പു സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, പ്രതിഭകൾക്ക് ആദരം, കലാപരിപാടികൾ എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.