മെയ് ഇരുപത്തിനാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നിലവിൽ ശക്തമായ മഴ ലഭിക്കുന്ന കേരളത്തിലെ ജില്ലകളിൽ ന്യൂനമർദ്ദം കൂടി എത്തുന്നതോടെ മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടാതെ മെയ് 31ന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന കാലവർഷം ഇക്കുറി നേരത്തെ ആകാനും സാധ്യതയുണ്ട്.
അതേസമയം കാലവർഷത്തോടൊപ്പം അറബിക്കടലിൽ ഒരു സമാന്തര ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നു. നിലവിൽ കാലവർഷ മേഘങ്ങൾ മാലിദ്വീപ് കടന്ന് കന്യാകുമാരിക്ക് താഴെയുള്ള കോമോറിൻ കടൽ മേഖലയോട് അടുക്കാറായിട്ടുണ്ട്. മെയ് 24 ഓടെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെടാൻ ആണ് സാധ്യത. സാധാരണഗതിയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഇത്തരം ന്യൂനമർദ്ദങ്ങൾ വടക്കോട്ട് നീങ്ങി ഒഡീഷയിലോ കൊൽക്കത്തയിലെ ബംഗ്ലാദേശ് തീരത്തോ ആണ് ശക്തമായ മഴ സൃഷ്ടിക്കാറുള്ളത്.
എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വൈകാതെ തന്നെ അറബിക്കടലിലും ന്യൂനമർദ്ദം ഉണ്ടാകുന്നതാണ് ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. സമാന്തരമായുള്ള ഈ രണ്ട് ന്യൂനമർദ്ദങ്ങൾ മഴമേഘങ്ങളുടെ ഗതിയെ വഴിതിരിക്കുമോ എന്ന് കാലാവസ്ഥ നിരീക്ഷകർ ആശങ്കപ്പെടുന്നു. കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കാനോ അല്ലെങ്കിൽ കാലവർഷ മേഘങ്ങൾ ഒമാൻ തീരത്തേക്ക് മാറി പോകാനോ സാധ്യത ഉള്ളതായാണ് വിലയിരുത്തപ്പെടുന്നു.