നമ്മുടെ നാട്ടിൽ തെങ്ങ് ഇല്ലാത്ത വീട് കുറയും. പ്രകൃത്യ ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഇതിന് ഔഷധമൂല്യവും ഏറെയാണ്. ഇളനീർ ശീലമാക്കിയാൽ ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കാം. ധാരാളം ആൻറി ഓക്‌സിഡൻറ്‌സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്. ഇളനീരിൽ ജലാംശം ആണ് കൂടുതൽ എങ്കിലും മാംസ്യം, കൊഴുപ്പ്, ലവണങ്ങൾ, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.
മറ്റേതൊരു പാനീയത്തേക്കാൾ വേഗത്തിൽ ദാഹവും ക്ഷീണവും ശമിപ്പിക്കുന്ന ഇളനീരിൽ ഗ്ലൂക്കോസും ഉൾക്കൊള്ളുന്നുണ്ട്. ഒരു ഗ്ലാസ് ഇളനീരിൽ ഏകദേശം അര ഗ്ലാസ് പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും കരിക്കിൻ വെള്ളം ഗുണകരമാണ്. മൂത്രാശയ രോഗങ്ങളിൽ വൃക്കകളിലേക്കും രക്തപ്രവാഹം കൂട്ടാൻ കരിക്കിൻ വെള്ളത്തിന് കഴിയും.
മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.
ദഹനക്കേട്, അൾസർ, ആമാശയ അർബുദം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ രോഗബാധിതർ കരിക്കിന്റെ കാമ്പ് കഴിക്കുന്നതും നല്ലതാണ്.
കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ മുഖത്തെ വടുക്കൾ മാറും. കരിക്ക് വെട്ടി ഒരുപിടി പച്ചരി അതിലിട്ട്, പുളിച്ച ശേഷം അരച്ചു തേച്ചാൽ മുഖക്കുരു, എക്‌സിമ തൊലിയുടെ നിറം മാറ്റം ഇവ ശമിക്കും.