കൊയിലാണ്ടി: അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുളള നഗരസഭ-പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജനസംഖ്യ സെന്‍സസ് പൂര്‍ത്തിയാകുന്നതോടെ വാര്‍ഡ് വിഭജനത്തിനുളള നടപടികള്‍ ആരംഭിക്കും. കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ 44 വാര്‍ഡുകളാണ് ഉളളത്. അത് 48 ആയി ഉയരുമെന്നാണ് സൂചന.
1994-ല്‍ ആണ് കൊയിലാണ്ടി നഗരസഭ നിലവിൽ വന്നത്. 1995ലാണ് നഗരസഭ ഭരണ സമിതി അധികാരമേറ്റെടുത്തത്. 1994 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമയത്ത് 32 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 38 വാര്‍ഡുകളായി ഉയര്‍ന്നു. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന നടേരി ഭാഗം കൂടി 2000 ല്‍ കൊയിലാണ്ടി നഗരസഭയോട് കൂട്ടിച്ചേര്‍ത്തതോടെ വാര്‍ഡുകളുടെ എണ്ണം ഉയരുകയായിരുന്നു. 2010 -ല്‍ 44 വാര്‍ഡുകളായി വാര്‍ഡുകളുടെ എണ്ണം പിന്നീട് വീണ്ടും ഉയര്‍ന്നു. നഗരസഭയിലെ ജനസംഖ്യയുടെയും വീടുകളുടെയും എണ്ണം ഉയരുന്നതനുസരിച്ചാണ് വാര്‍ഡുകളുടെ എണ്ണവും കൂടി വരുന്നത്. 1250 ന് മുകളില്‍ വോട്ടര്‍മാരുളള വാര്‍ഡുകള്‍ തീര്‍ച്ചയായും വിഭജിക്കും.
29.05 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുളള കൊയിലാണ്ടി നഗരസഭയില്‍ വിയ്യൂര്‍, പന്തലായനി, അരിക്കുളം വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 71929 ആണ്. വാര്‍ഡുകളുടെ പുനര്‍ വിഭജനത്തിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടും. എന്നാലും ഭരിക്കുന്ന മുന്നണിയുടെ താല്‍പ്പര്യത്തിനനുസരിച്ച് വാര്‍ഡുകള്‍ വിഭജിക്കുകയാണ് സ്വാഭാവികമായും ചെയ്യുക.
കൊയിലാണ്ടി നഗരസഭയില്‍ എല്‍.ഡി.എഫാണ് ഭരണം കയ്യാളുന്നത്.എല്‍.ഡി.എഫിന് 25 കൗണ്‍സിലര്‍മാരാണ് ഉളളത്. യൂ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്.
ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റം വരും. ചേമഞ്ചേരിയില്‍ നിലവിലുളള 20 വാര്‍ഡുകള്‍ 22 ആയി ഉയരുമെന്നാണ് വിവരം. നിലവില്‍ ഇവിടെ 11 സീറ്റുകളുളള എല്‍.ഡി.എഫാണ് ഭരിക്കുന്നത്. യൂ.ഡി.എഫിന് എട്ടും ബി.ജെ.പിയ്ക്ക് ഒരു സീറ്റുമുണ്ട്. മൂടാടിയില്‍ മൊത്തം 18 വാര്‍ഡുകളാണ് നിലവിലുളളത്. ഇതില്‍ 18 എല്‍.ഡി.എഫും ഏഴ് യൂ.ഡി.എഫുമാണ്.