അത്തോളിയിലെ പുഴയോര ഗ്രാമങ്ങൾ മുരു ഇറച്ചിയുടെ പെരുമയിൽ . മുരു ഇറച്ചി കഴിച്ചു രുചിഭേദം ആസ്വദിച്ചവർ അത്തോളിയിലെത്തി മുരു വാങ്ങുന്നുണ്ട്. നാടൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ചെറുകിട ഹോട്ടലുകൾ മുതൽ നഗരങ്ങളിലെ വൻകിട ഹോട്ടലുകളിലെ തീൻമേശകളിൽ വരെ ഇപ്പോൾ മുരു ഇറച്ചി കിട്ടാനുണ്ട് . മുരുവിൻ്റെ ഇറച്ചിക്കറിയും മുരു ഫ്രൈയും മുരു ബിരിയാണിയും ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങളാണ്.അത്തോളി , വേളൂർ , കുനിയിൽ കടവ്, കോരപ്പുഴ ,ആനപ്പാറ തുടങ്ങിയ പുഴയോര ഗ്രാമങ്ങളിൽ മുരു ശേഖരിച്ചു വിറ്റ് ഉപജീവനം തേടുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്.ഇവർക്ക് നല്ല ആദായം ലഭിക്കുന്നുമുണ്ട് 100 മുരുവിന് 300 രൂപ കണക്കാക്കിയാണ് വിൽക്കുന്നത് .
ഒഴിഞ്ഞ ഒരു ലിറ്ററിൻ്റെ വെള്ളക്കുപ്പികളിൽ നിറച്ചാണ് മുരു ആവശ്യക്കാർക്ക് നൽകുന്നത്. നഗരങ്ങളിലെ വൻകിട ഹോട്ടലുകാർക്ക് മുരു ഇറച്ചി എത്തിച്ചു കൊടുക്കുന്നതിനുള്ള ഏജൻറ്മാരും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് . മുരു ഇറച്ചിക്ക് ഗൾഫ് നാടുകളിലും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ് . നന്നായി ശുചീകരിച്ച മുരു ഇറച്ചിക് വലിയതോതിൽ നാട്ടിലും ആവശ്യക്കാർ ഉണ്ടെന്ന് അത്തോ ളിയിൽ മുരു ഇറച്ചി ശേഖരിക്കുന്ന കൃഷ്ണൻ പറഞ്ഞു. മംഗലാപുരം, ബംഗലൂര്, തമിഴ്നാട് ഭാഗങ്ങളിലേക്കും മുരു ഇറച്ചി കയറ്റുമതി ചെയ്യുന്നുണ്ട് .തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കാണാനില്ലാത്ത മുരു വടക്കൻ ജില്ലകളിലെ പുഴയോരങ്ങളിലാണ് കൂടുതലായി കാണുന്നത്.
പുഴകളിൽ തോണിയിൽ പോയി മുങ്ങിയെടുത്താണ് മുരു ശേഖരിക്കുന്നത്. മുരുവിന്റെ പുറം തോടിന് കട്ടി കൂടുതലാണ്. വാൾത്തല പോലെ മൂർച്ചയും ഉണ്ട്. ഇവ ശേഖരിക്കുമ്പോഴും പൊട്ടിച്ച് ഇറച്ചിയെടുക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ പുറന്തോട് കൈകളിലും കാലുകളിലുംതട്ടി മുറിയാൻ സാധ്യതയുണ്ട് . തോണിയിൽ ശേഖരിച്ചു കരയിൽ എത്തിച്ചാൽ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് കത്തി ഉപയോഗിച്ച് പുറന്തോട് പൊട്ടിച്ചെടുത്ത് അതിനുള്ളിൽ നിന്ന് മുരു ഇറച്ചി പുറത്തെടുക്കുക. ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് ബോട്ടിലുകളിലും കവറിലും നിറച്ചു ആവശ്യക്കാർക്ക് കൊടുക്കും.
ഓരു ജലാശയങ്ങളിലാണ് മുരു കൂടുതലായി കാണുന്നത് .മഴക്കാലത്ത് താരതമ്യേന കുറവായിരിക്കും. വേനൽക്കാലമാണ് മുരു ശേഖരിക്കാനുള്ള നല്ല സമയമെന്ന് ഈ തൊഴിൽ വ്യാപൃതരായ കൃഷ്ണൻ പറഞ്ഞു . ഇറച്ചി യെടുത്ത ശേഷം പുറന്തോട് കുമ്മായം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. അതല്ലെങ്കിൽ താഴ്ന്ന സ്ഥലങ്ങൾ നികത്തിയെടുക്കാനും ചിലർ ഉപയോഗിക്കുന്നുണ്ട്.കുനിയിൽ കടവ്, ആനപ്പാറ മേഖലയിൽ ധാരാളം കുടുംബങ്ങൾ മുരു ശേഖരിച്ച് ഉപജീവനം നടത്തുന്നുണ്ട്.