പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിൽ. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി. രാഹുലിന് ജർമൻ പൗരത്വം ഉള്ളതിനാൽ തന്നെ മടക്കി കൊണ്ടു വരൽ അത്ര എളുപ്പമല്ല. ഇത് മനസ്സിലാക്കിയാണ് രാഹുൽ സമർത്ഥമായി രാജ്യം വിട്ടത്.
ജർമനിയിൽ എത്തിയതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ നൂലാമാലകൾ ഏറെയാണ്. ഇന്റർപോളിനേയും കേസിന്റെ വിശദാംശങ്ങൾ അറിയിക്കും. പൊലീസ് ആസ്ഥാനത്തും കേസുമായി ബന്ധപ്പെട്ട പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്. പൊലീസിനെ കബളിപ്പിച്ചാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. കേസിൽ ഇയാളെ നിരീക്ഷിക്കുന്നതിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. ജർമനിയെ കേസിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിക്കാൻ ഇന്ത്യ ശ്രമിക്കും. രാഹുൽ രണ്ടു വിവാഹം ചെയ്താണ് ഇന്ത്യ വിട്ടതെന്നും ജർമനിയെ അറിയിക്കും.
രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുക്കും. അറസ്റ്റും രേഖപ്പെടുത്തിയേക്കും. രാഹുലിന്റെ സഹോദരിയും സംശയ നിഴലിലാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.
വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മർദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനിൽ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് വൈകി. പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ കളി കൈവിട്ടു പോകുമെന്ന് മനസ്സിലാക്കി രാജ്യം വിടുകയായിരുന്നു.