കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായനി നിവാസികൾ അനുഭവിക്കാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. പന്തലായിനിയിലെ മൂന്ന് റോഡുകൾക്ക് കുറുകേയാണ് ബൈപ്പാസ് കടന്നു പോകുന്നത്.
പന്തലായിനി – വിയ്യൂർ റോഡ്, കാട്ടുവയൽ റോഡ് , കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴര മീറ്റർ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിൻ്റെ ഇരുഭാഗത്തുമുള്ളവർക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നത് പ്രയാസമാകും. ബൈപ്പാസിൻ്റെ കിഴക്കുഭാഗത്തുള്ളവർക്ക് (കാട്ടുവയൽ, കൊയാരിക്കുന്ന്, കൂമൻതോട്, പെരുവട്ടൂർ, നടേരി ഭാഗങ്ങൾ) കൊയിലാണ്ടി ടൗൺ, പന്തലായിനി അഘോര ശിവക്ഷേത്രം, പന്തലായിനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ബി.ഇ.എം.യു.പി.സ്കൂൾ, ആർ.ശങ്കർ മെമ്മോറിയൽ കോളജ്, ഗുരുദേവ മെമ്മോറിയൽ കോളജ്, മിനി സിവിൽ സ്റ്റേഷൻ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ, പടിഞ്ഞാറ് വശത്തുള്ളവർക്ക് പെരുവട്ടൂർ യു.പി.സ്കൂൾ, അമൃത വിദ്യാലയം എന്നിവിടങ്ങളിലേയ്ക്ക് പോകാനോ കഴിയാതെ അവസ്ഥ വരും.
ഏകദേശം അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ പ്രശ്നത്തേക്കുറിച്ച് ചർച്ചചെയ്യാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും വേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും വേണ്ടി നാട്ടുകാരുടെ യോഗം മെയ് 18ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പന്തലായിനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ചേരും.