ഇന്ത്യൻ പ്രീമിയർ ലീഗ് അത്ഭുത രസം വിരിഞ്ഞ കളിയരങ്ങുകളായി നേർക്കു നേർ യുദ്ധങ്ങളുടെ പടിവാതിൽക്കൽ നിൽക്കുമ്പോഴും എൻ്റെ മനോ ശ്രവണങ്ങളിലൊക്കെയും ജീവിത രസതന്ത്രങ്ങളെ വിളക്കിചേർത്ത റിതു രാജ മന്ത്രങ്ങളായിരുന്നു
ട്രാവിസ് ഹെഡും , സുനിൽ നരെയ്നും , മക്ഗോർക്കും , സ്റ്റബ്സും എല്ലാം അംബരചുംബികളായി പന്തിനെ പറത്തി വിട്ടപ്പോഴും , സഞ്ജു സാംസൺ സ്വപ്നസമാനമായി കുതിപ്പ് തുടർന്നപ്പഴും എൻ്റെ ഹൃദയ നിലയിൽ കുളിർ തെന്നലായി മാറിയത് ധ്യാന നിമഗ്നനായി , ശാന്ത ശീലനായി അഗ്നി വിരിച്ച മണ്ണിലും വില്ലു കുലച്ചു നിന്നു ലക്ഷ്യം ഭേദം കൈവരിച്ച റിതു രാജ തന്ത്രങ്ങളിലായിരുന്നു
തന്നേക്കാൾ ഇളയവൻ, പ്രതിഭയുള്ളവൻ, തൻ്റെ സ്ഥാനം കയ്യടക്കി തനിക്ക് മുന്നേ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചവന് , ഈ പ്രീമിയർ ലീഗിലെ നായക സ്ഥാനക്കയറ്റം ഉൽക്കണ്ഠയായി ഉയർന്നു പൊങ്ങി താങ്ങാനാവാതെ വഴി പിഴച്ച് നിൽക്കുന്ന അവസ്ഥയിലും , കാറ്റും കോളുമില്ലാത്ത കടല് പോലെ സാന്ദ്രമായ സ്നേഹസാഗരമായി അയാൾ അടുത്ത ഘട്ടത്തിനരികിലാണ്
കിരീടവും ചെങ്കോലും കയ്യിലേന്തി താലപ്പൊലി കൂത്തരങ്ങുകളുടെ ഹർഷാരവത്തിൽ സ്വാഗതം നേടിയെത്തിയ മുഖ്യ എതിരാളികളുടെ നവയുഗ പ്രജാപതി തോറ്റമ്പിയപ്പോഴും
വീഴാതെ , ഇടറാതെ നേർരേഖയിലൂടെ നടന്ന് കയറാൻ അയാളെ പ്രാപ്തനാക്കുന്നത് ചിട്ടയായ അയാളുടെ പ്രവർത്തന ശൈലി തന്നെ ആവാം . സഹപ്രവർത്തകരിലുള്ള അകമഴിഞ്ഞ വിശ്വാസവും , സ്നേഹവും കരുണയും സർവ്വോപരി ഗുരുത്വമെന്ന അമൂല്യമായ ശീല ഗുണങ്ങളും നിറഞ്ഞിരിക്കുന്ന അയാളുടെ വഴിത്താരയിലൊക്കെയും സ്നിഗ്ദ്ധമായ സ്നേഹത്തിൻ്റെ സുഗന്ധം വഴിഞ്ഞൊഴുകുന്ന പോലൊരു ഫീലാണ്
ക്രിക്കറ്റ് എന്ന ഗെയിം കേവലം ഒരു കളിക്കുമപ്പുറം ജീവിതത്തിൻ്റെ പരിഛേദമായി വിവക്ഷിക്കാം
ഒരിന്നിംഗ്സ് ബിൽഡ് ചെയ്യുന്ന ബാറ്റ്സ്മാൻ്റെ ഓരോ ചലനങ്ങളിലും, ഓരോ തന്ത്രങ്ങളിലും, ഓരോ വികാര വിചാരങ്ങളിലും ജീവിതത്തിൻ്റെ തൻമാത്രകൾ ഉണ്ട്
സുനിൽ ഗവാസ്ക്കർ, സച്ചിൻടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോലി തുടങ്ങിയ മഹാരഥരൊക്കെയും ജീവിതമാവുന്ന മഹാ കാവ്യം ക്രിക്കറ്റ് മൈതാനങ്ങളിൽ രചിച്ചവരത്രെ
ഇക്കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൻ്റെ 142 എന്ന ചെറിയ സ്കോറിനെ ലക്ഷ്യഭേദം നടത്തിയ റിതുരാജ് എന്ന ചൈന്നെ സൂപ്പർ കിംഗ് നായകൻ്റെ ചെറുതായ സ്കോറിലും വലുതായ ആ ധീരതയെ, ഏകാഗ്രതയെ , ശാന്തതയെ എത്ര പ്രശംസിച്ചാലും മതിയാവാതെ വരികയാണ്
സമകാലിക ക്രിക്കറ്റിൽ വിരാട് ആണോ അസം ആണോ കവർ ഡ്രൈവ് കേമൻ എന്ന തർക്കം നടക്കുമ്പോഴൊക്കെയും എൻ്റെയുള്ളിൽ അതിനുള്ള ഉത്തരം കീവിസ് നായകൻ കെയ്ൻ വില്യംസൺ എന്നായിരുന്നു
കാവ്യ ഭംഗിയും , ഭാവ രസവും, രാഗശുദ്ധിയും ഒത്തുചേർന്ന മധുരമായ ഗാനം സ്വരഭംഗിയാർന്ന കണ്ഠത്തിൽ നിന്നും അനർഗള നിർഗളമായി പ്രവഹിച്ച പോലെ റിതുരാജിൻ്റെ ബാറ്റിൽ നിന്നും പെയ്തിറങ്ങുന്ന കവർഡ്രൈവിനോളം ചന്തമുള്ള മറ്റൊരു ക്രിക്കറ്റ് ഷോട്ടും സമകാലിക ക്രിക്കറ്റിൽ വേറൊന്നില്ല എന്ന സ്വപ്നസമാനമായ സത്യത്തെ തിരിച്ചറിയുകയാണ് ഞാനിപ്പോൾ
ജീവിതം മധുമാരിയായി പെയ്തിറങ്ങണമെങ്കിൽ സ്നേഹ ബന്ധങ്ങളിൽ വിശ്വാസത്തിൻ്റെയും, പരിഗണനയുടെയും, ആത്മാർത്ഥതയുടെയും സർവ്വോപരി സ്നേഹത്തിൻ്റെയും കണികകൾ വേണം
അതിനായി റിതുരാജിൻ്റെ ഇന്നിംഗ്സിനോളം പോന്ന ക്ഷമയും, ശാന്തതയും, പരിഗണനയും , ഏകാഗ്രതയും വേണം
ഇല്ലെങ്കിൽ ജീവിതമെന്ന മധുമാരി പ്രളയത്തിനും , ക്രിക്കറ്റ് എന്ന ഗെയിം ലക്ഷ്യം ഭേദിക്കാത്ത ചക്രവ്യൂഹത്തിനും സാക്ഷ്യം വഹിച്ചേക്കാം
ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ഘട്ടം കടക്കുമോ എന്നറിയില്ലെങ്കിലും
ഒന്നറിയുന്നുണ്ട് ഞാൻ !
റിതുരാജിൻ്റെ ബാറ്റിംഗ് മർമ്മരങ്ങൾ എന്നിലെ ജീവിത രസങ്ങളെ, സ്നേഹ തൻമാത്രകളെ ഏറെ ആഴത്തിൽ തൊട്ടുണർത്തുന്നുവെന്നും, തൻ്റെ ഉള്ളിലെ സ്പാർക്കിനെ ചുറ്റിലും പ്രഭചൊരിയുന്ന നറുനിലാവാക്കി മാറ്റുന്ന മായാജാലമൊന്നും അയാളോളം മറ്റൊരാളിലും വേറെയില്ലെന്നും !