കോഴിക്കോട്: മഴക്കാലത്തിനു മുന്നോടിയായുള്ള റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികളുടെ പരിശോധനയ്ക്ക് ജില്ലയിൽ ബുധനാഴ്ച തുടക്കമായി. പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത്. കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലാണ് സംഘം ബുധനാഴ്ച പരിശോധന നടത്തിയത്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ വ്യാഴാഴ്ച പരിശോധന തുടരും . മേഖലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളും സംഘം പരിശോധിച്ചു വിലയിരുത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ്റണ്ണിങ് കോൺട്രാക്ട് പ്രവൃത്തി പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കാൻ കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. വകുപ്പിന് കീഴിലെ ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ് എൻജിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും പൊതുമരാമത്ത് റോഡുകളിൽ പ്രവൃത്തി പരിശോധിക്കും.
മഴക്കാലപൂർവ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. നിലവിൽ പ്രവർത്തികൾ ഉള്ള റോഡുകളിൽ ആ കരാറുകാർ തന്നെ കുഴിയടച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കണം. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ മേഖലകളിൽ അടക്കം സീബ്രാ ലൈൻ ഉണ്ടെന്ന് ഉറപ്പുവരുത്താനും വാട്ടർ അതോറിറ്റി ഉൾപ്പെടെ മറ്റു വകുപ്പുകൾക്ക് കൈമാറിയ റോഡുകളിലും മഴയ്ക്കു മുമ്പേ കുഴികൾ അടച്ചുവെന്ന് ഉറപ്പാക്കാനും മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
റോഡുകളിൽ പരിശോധന നടത്തിയ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ ചുറ്റുപാടും അറ്റകുറ്റപ്പണികൾ ഉണ്ടോ എന്നതുമാണ് പരിശോധന നടത്തുന്നത്.