കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ;ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്. എന്നാൽ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാ​ഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ​ഗുരുതര വീഴ്ചയുണ്ടായത്.

വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറയുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ​ഗുരുതരവീഴ്ചയാണ് ഡോക്ടർമാരുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. വിഷയത്തിൽ മെഡി. കോളജ് അധികൃതരുടെ ഭാ​ഗത്തുനിന്നും ഔദ്യോ​ഗിക വിശദീകരണം ഉണ്ടായിട്ടില്ല.

അതേസമയം, സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടുമായി സംസാരിക്കുകയും മെഡി.കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

   

Leave a Reply

Your email address will not be published.