‘സാരി കാൻസർ’ എന്ന് കേട്ടിട്ടുണ്ടോ? മെഡിക്കൽ ഭാഷയിൽ സ്ക്വാമോസ് സെൽ കാർസിനോമ (എസ്‌സിസി) ആണ് സാരി കാൻസർ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ അരക്കെട്ടിന് താഴെ വീക്കമുണ്ടാകുകയും പിന്നീടത് ഗുരുതരമാകുകയും ചെയ്യുന്നു. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ടൈറ്റ്ഫിറ്റ് ആയ ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാം. 1945-ൽ ദോത്തി അഥവാ മുണ്ട് കാൻസർ എന്ന പദത്തിനൊപ്പമാണ് സാരി കാൻസർ എന്ന പദം എത്തുന്നത്. 2011ല്‍ ജേണല്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഇത്തരത്തില്‍ രണ്ടു കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറുകിപ്പിടിച്ച സാരികൾ, മുണ്ടുകൾ, ജീൻസുകൾ തുടങ്ങിയവ ധരിക്കുന്നത് മൂലം തുടർച്ചയായി മുറിവുകളും പാടുകളും ഉണ്ടാവുകയും അത് പിന്നീട് കാൻസറിലേക്ക് വഴിവെക്കുന്നു. പുരുഷൻമാരുടെ അടിവയറ്റിൽ ചൂട് കൂടുന്നതിന് ജീൻസ് ധരിക്കുന്നത് കാരണമാകും. അതേസമയം ഇത് വളരെ അപൂർവമായുണ്ടാകുന്ന ചർമാർബുദവുമാണ്. ചർമ്മത്തിന് പുറത്തെ സ്ക്വാമസ് കോശങ്ങളെയാണ് കാൻസർ ബാധിക്കുക.
അമിത സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിലും സാരി കാൻസർ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അരക്കെട്ടിലുണ്ടാകുന്ന ചുവന്ന നിറത്തിലുളള പാടുകള്‍, കുരുക്കള്‍, അരക്കെട്ടിന് അടുത്തായുണ്ടാകുന്ന വീക്കങ്ങൾ എന്നിവയെല്ലാമാണ് ഈ കാൻസറിന്റെ ലക്ഷണങ്ങള്‍.
എന്നാൽ സാരിയല്ല ഇവിടുത്തെ വില്ലനെന്നാണ് വിദഗ്ധർ പറയുന്നത്. അരക്കെട്ടിൽ ഇറുക്കിക്കെട്ടുന്ന അടിപ്പാവാട, ടെറ്റായി കെട്ടുന്ന ബെല്‍റ്റ് എന്നിവ പ്രധാനയാണ് പ്രശ്നമാകുന്നത്. ഇത് ചർമ്മത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കും. ഇവ ധരിക്കുമ്പോൾ ചർമത്തെ അധികം ഇറുകിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഇത്തരത്തിലുളള ത്വക്ക് രോഗങ്ങള്‍ ഒഴിവാക്കാമെന്നും വിദഗ്ദർ പറയുന്നു.