ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം മെയ് 20 നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 തീയതികളിൽ വൻ ജനപങ്കാളിത്തതോടെ ശുചീകരണ പ്രവൃത്തി നടത്തും.
ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ചേർന്ന് കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ ശുചീകരിച്ചതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്തു.
അവലോകനത്തിന്റെ ഭാഗമായി ജലാസ്രോതസ്സുകളുടെ എണ്ണം, ശുചീകരിച്ചത്, ശുചീകരിക്കാൻ ബാക്കിയുള്ളത് എന്നിവയുടെ കണക്കെടുത്തു.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ സാഹചര്യമുള്ളതുമായ വാർഡുകളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്.
കൂടാതെ വെസ്റ്റ് നൈൽ പനി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നടന്നുവരുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ്‌തല ജാഗ്രതാ സമിതികൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 28 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം എന്നിവർ സംസാരിച്ചു.