ഇന്ത്യയുടെ തെക്കെ അറ്റത്ത് പാമ്പന്‍ കനാലിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പാമ്പന്‍ ദ്വീപിലാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പട്ടണമായ രാമേശ്വരം. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പന്‍ പാലത്തിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീര്‍ത്ഥാടനകേന്ദ്രവുമാണ് രാമേശ്വരം.
ഉപദ്വിപായ ഇന്ത്യയുടെ അരികിലായി മന്നാര്‍ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണത്തിലെ കഥയനുസരിച്ച് ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്‌നിയായ സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമന്‍ ഭാരതത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച സ്ഥലമാണിത്. രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ് ഭാരതത്തിന്റെ മുന്‍രാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം.
രാമേശ്വരത്തെ കാഴ്ചകള്‍
രാമനാഥസ്വാമിക്ഷേത്രം : രാമനാഥസ്വാമിയും അദ്ദേഹത്തിന്റെ ധര്‍മപത്‌നിയായ പര്‍വതവര്‍ത്തിനിയമ്മയുമാണ് രാമേശ്വരം രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകള്‍. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ ഇടതുവശത്ത് നിലകൊള്ളുമ്പോള്‍, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണ ഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങള്‍ ഇതൊരു സവിശേഷതയായി കാണുന്നു.
ഭാരതത്തിലുള്ള പ്രധാന നാല് ഹിന്ദുമഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീര്‍ത്ഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രാകാരങ്ങള്‍ (പ്രദക്ഷിണത്തിനുള്ള ഇടവഴികള്‍) പ്രശസ്തമാണ്. ഇവയില്‍ത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്‌നാനം മോക്ഷദായകമായി വിശ്വാസികള്‍ കരുതിപ്പോരുന്നുഗന്ധമാദനപര്‍വതം:
രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് വടക്കായി രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. ഈ മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.
ശ്രീ കോദണ്ഡരാമക്ഷേത്രം:
കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ തെക്കായി ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്‌ഠോത്സവം നടക്കുന്നു.
ആഞ്ജനേയക്ഷേത്രം:
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.
അഗ്‌നിതീര്‍ഥം: രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്നു. തീര്‍ത്ഥാടകര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
രാമതീര്‍ഥം: ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡിലാണ് രാമതീര്‍ഥം.
ലക്ഷ്മണതീര്‍ഥം: ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡില്‍ രാമതീര്‍ഥത്തിനടുത്തായാണ് ലക്ഷ്മണതീര്‍ഥം.
സീതാതീര്‍ഥം: ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡില്‍ രാമതീര്‍ഥത്തിനടുത്തായാണ് സീതാതീര്‍ഥം.
ജടായുതീര്‍ഥം: രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന തീര്‍ഥമാണ് ജടായുതീര്‍ഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.
തിരുപുല്ലാണി: രാമനാഥപുരം റെയില്‍വേസ്റ്റേഷനില്‍ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.
ദേവിപട്ടണം: രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകര്‍ഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒമ്പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.