അത്തോളി: കൊടശ്ശേരി അടുവാട് പെരളിമലയിലെ അനധികൃതമായി നടന്നുവരുന്ന ചെങ്കൽ ഖനനം അത്തോളി വില്ലേജ് ഓഫീസർ തടഞ്ഞു. രണ്ടാഴ്ചയിലേറെയായി ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന ചെങ്കൽത്തെക്കുറിച്ച് പരാതി ലഭിച്ചതിന് തുടർന്നാണ് അത്തോളി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട സ്ഥലമാണിത്. ജൈവവൈവിധ്യവും ജലസമ്പത്തും സമൃദ്ധമായ പെരളിമലയിലെ ചെങ്കൽ ഖനനം ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഈ മലയുടെ വിവിധ ഭാഗങ്ങളിലുള്ള കിണറുകളെല്ലാം ജല സമൃദ്ധമാണ്. എന്നാൽ മലമുകളിലെ ഖനനം ഈ ജലസമ്പത്ത് നശിപ്പിക്കുമെന്ന് പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.
മുമ്പ് എസ്റ്റേറ്റ് ആയിരുന്ന പ്രദേശമാണ് റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി ഖനനം ആരംഭിച്ചത്. ഭൂമിയുടെ മേൽഭാഗം നിരപ്പാക്കി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കല്ലുവെട്ടിന് സജ്ജമാക്കിയിരിക്കുകയാണ്. ഒരാഴ്ചയിലേറയായി ഇവിടുന്ന് കല്ലുവെട്ടി കടത്തിയതായും ആക്ഷേപമുണ്ട്. പക്ഷെ ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ഭൂമി നിരപ്പാക്കി കല്ലുവെട്ട് നിർമ്മാണം ആരംഭിച്ചത്. സമീപപ്രദേശങ്ങളിൽ ഏതാനും വീടുകളും നിലവിലുണ്ട്. സ്റ്റോപ്പ് മെമ്മോ ലഭിച്ചതോടെ ഖനനം നിർത്തിവെച്ച് കല്ലുവെട്ട് സംഘം യന്ത്ര സാമഗ്രികളും വാഹനങ്ങളും അവിടുന്ന് മാറ്റിയിരിക്കുകയാണ്.