കോഴിക്കോട് : ബാലുശ്ശേരിയിൽ നമ്പർ പ്ലേറ്റ് മറച്ച നിലയിൽ ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനം സംശയത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചത്ത കോഴികളെ കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്നുമാണ് ചത്ത കോഴികളെ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും ചത്ത കോഴികളെ കടത്തിക്കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് കോഴിക്കടക്കാർക്ക് വിൽപ്പന നടത്തുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
ബാലുശ്ശേരിയിൽ തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിൽ നിന്നും ചത്ത കോഴികളെ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു വയ്ക്കുകയും ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട് നടക്കാവിലും വില കുറച്ച് കോഴിയിറച്ചി വില്പന നടത്തിയിരുന്ന കടയിൽ നിന്നും ചത്ത കോഴികളെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ചത്ത കോഴികളെ കേരളത്തിൽ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുന്ന സംഘങ്ങൾ സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്.
കടുത്ത ചൂടു മൂലവും വിവിധ അസുഖങ്ങൾ ബാധിച്ചും തമിഴ്നാട്ടിലെ ഫാമുകളിൽ ചത്തൊടുങ്ങുന്ന കോഴികളെയാണ് ഇത്തരത്തിൽ കേരളത്തിലേക്ക് കടത്തുന്നത്. തുടർന്ന് ഇവിടെയുള്ള കോഴി കടക്കാർക്ക് കുറഞ്ഞ വിലയിൽ വിൽപ്പന നടത്തും. കച്ചവടക്കാർ പിന്നീട് ഈ കോഴികളെ വിലക്കുറവിൽ ഹോട്ടലുകളിലേക്കും കാറ്ററിങ് സ്ഥാപനങ്ങളിലേക്കും വിൽക്കുന്നതുമാണ് പതിവ്. ചൂട് കടുത്തതോടെയും മത്സ്യലഭ്യത കുറഞ്ഞതോടെയും കോഴിക്ക് വില ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ചത്ത കോഴികളെ പോലും കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്.