തൃശ്ശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.
സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു.
മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇവിടെ എത്തിയിരുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയിരിക്കുന്നത്.
അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.30 ടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.