കെ സുധാകരൻ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം രാവിലെ 11 മണിയോടെയാണ് വീണ്ടും കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി ചുമതലയേറ്റത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൽക്കാലത്തേക്ക് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറി നിന്നത് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നതിനാലാണ്. തിരഞ്ഞെടുപ്പിനു ശേഷവും താൽക്കാലിക പ്രസിഡൻറായി ചുമതലയേറ്റിരുന്ന എം.എം.ഹസൻ തുടർന്നുപോന്നത് വിവാദങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് സുധാകരൻ സ്ഥാനമേൽക്കുന്നത്.
പദവിയേറ്റെടുത്തത്തിന് പിന്നാലെ അദ്ദേഹം എം.എം. ഹസനെ വിമർശിക്കുകയുമുണ്ടായി. അദ്ദേഹത്തിൻ്റെ സാന്നിധ്യം താൻ ചുമതല ഏറ്റെടുക്കുന്ന സമയത്ത് ആവശ്യമായിരുന്നുവെന്നാണ് കെ. സുധാകരൻ വ്യക്തമാക്കിയത്. ഹസൻ പുറത്ത് പോയിരിക്കുകയാണ് എന്നും എവിടെയാണെന്ന് നിങ്ങൾ തന്നെ വിളിച്ചു ചോദിക്ക് എന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
താൽക്കാലിക പ്രസിഡന്റായുള്ള എംഎം ഹസ്സന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് പറഞ്ഞ സുധാകരൻ, പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത ആളുകളെ തിരിച്ചെടുത്തത് പുനഃപരിശോധിക്കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എംപി സ്ഥാനവും അധ്യക്ഷസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.