കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പത്ത് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായാണ് റിപ്പോർട്. എന്നാൽ, വൃക്ക മാറ്റിവെച്ച ശേഷം തുടർ ചികിൽസയിൽ കഴിയവേയുള്ള ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്‌ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉണ്ട്. രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്‌തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്‌റ്റിക് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്.
പിന്നീട് സ്രവങ്ങൾ പൂനെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെ നിന്ന് വെസ്‌റ്റ് നൈൽ ഫീവർ ആണെന്ന് സ്‌ഥിരീകരിക്കുകയും ആയിരുന്നു. പനി, തലവേദന, തൊണ്ടവേദന, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്‌റ്റ് നൈല്‍ ഫീവര്‍.
ഇതുവരെ ഈ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. രോഗം മാരകമായാല്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാക്കുന്നത്.