പശുക്കളെ തുറന്ന പുല്‍മേടുകളില്‍ മേയാന്‍ വിട്ടാല്‍ കഠിനമായ ചൂടില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. നിരവധി കന്നുകാലികള്‍ മുന്‍വര്‍ഷം സംസ്ഥാനത്ത് സൂര്യാതാപം ഏറ്റ് മരണപ്പെട്ടിട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മേയാന്‍ വിട്ട് വളര്‍ത്തുന്ന പശുക്കള്‍ ആണെങ്കില്‍ അത് അതിരാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കാം. രാവിലെ 11 മണിക്കും 3 മണിക്കും ഇടയിലുള്ള സമയങ്ങളില്‍ പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. ഈ സമയങ്ങളില്‍ തണലിടങ്ങളില്‍ അവയെ പാര്‍പ്പിക്കണം.
കിതപ്പ്, തളര്‍ന്നു വീഴല്‍, അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങള്‍, വായില്‍ നിന്ന് നുരയും പാതയും വരല്‍, പൊള്ളലേറ്റ പാട് തുടങ്ങി സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം, ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും, കുടിവെള്ളം നല്‍കുകയും വേണം.
ഉമിനീര് വായില്‍ പുറത്തേക്ക് ഒഴുകല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, കിതപ്പ്, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, വിറയല്‍, തറയില്‍ കിടക്കാനുള്ള വിമുഖത, തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉത്പാദനം 30 ശതമാനം വരെ പെട്ടെന്ന് കുറയല്‍, മദി ലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍, ചെന പിടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പശുക്കളിലെ ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷങ്ങളാണ്.
ഉഷ്ണകാലത്ത് പൊതുവെ തീറ്റയെടുക്കല്‍ കുറയുന്നതിനാല്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ ഊര്‍ജം അടങ്ങിയ തീറ്റയാണ് നല്‍കേണ്ടത്. നാരിന്റെ അളവ് കുറഞ്ഞ എളുപ്പം ദഹിക്കുന്ന ഖരാഹാരങ്ങള്‍ വേണം തീറ്റയില്‍ ഉള്‍പെടുത്തേണ്ടത്. പച്ചപ്പുല്ല് ലഭ്യമാണെങ്കില്‍ കൂടുതല്‍ പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്തി സാന്ദ്രീതാഹാരത്തിന്റെ അളവ് കുറക്കണം. കൂടുതല്‍ ഊര്‍ജ്ജലഭ്യതയും പോഷണവും ഉറപ്പുവരുത്തുന്നതിനായി പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക് തുടങ്ങി കൂടുതല്‍ കൊഴുപ്പും, മാംസ്യവും അടങ്ങിയ വസ്തുക്കള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ബൈപ്പാസ് പ്രോട്ടീന്‍, വിപണിയില്‍ ലഭ്യമായ മറ്റ് എനര്‍ജി സപ്ലിമെന്ററുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയ വിറ്റാമിന്‍ ധാതുമിശ്രിതങ്ങള്‍ എന്നിവയും തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ചൂട് കുറയ്ക്കുന്നതിനു പശുക്കള്‍ നാക്കു പുറത്തേക്കിട്ട് അണയ്ക്കുന്നതു കാണാം. ഇതോടൊപ്പം ധാരാളം ഉമിനീര്‍ പുറത്തേക്ക് തള്ളുകയും ചെയ്യും. ഉമിനീരില്‍കൂടി ധാരാളം ബൈകാര്‍ബണേറ്റുകളും സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളും നഷ്ടപ്പെടുന്നു.
ശരീരത്തിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ധാതുലവണമിശ്രിതത്തിന്റെ അളവ് കൂട്ടണം. പച്ചപ്പുല്ലിന്റെ കുറവ് ജീവകം എ യുടെ കമ്മിയുണ്ടാക്കുന്നു. ഇതു പരിഹരിക്കാന്‍ മീനെണ്ണ തീറ്റയിലൂടെ നല്‍കാം. വേനലില്‍ പച്ചപ്പുല്ലിന്റെ അഭാവം പരിഹരിക്കുന്നതിന് വാഴയില, ചക്കമടല്‍, പൈനാപ്പിളിന്റെ തണ്ട് എന്നിവയും നല്‍കാം.