കോഴിക്കോട്: മുങ്ങി മരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മലബാറുകാര്‍ക്കായി ഫ്രീഡൈവിങ് പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് അഞ്ചുദിവസങ്ങളിലായി ചാലിയാര്‍ പുഴയിലും ഗോതീശ്വരം ബീച്ചിലും ബേപ്പൂര്‍ ബീച്ചിലുമായി സൗജന്യ ഫ്രീഡൈവിങ് പരിശീലനം സംഘടിപ്പിച്ചത്.
രാജ്യാന്തര ഫ്രീഡൈവിങ് കോച്ചും ഫ്രീഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ എന്ന രാജ്യന്താര ഡൈവിങ് പരിശീലനത്തിന്റെ സ്ഥാപകനുമായ നെതര്‍ലെന്‍ഡ്‌സ് സ്വദേശി ജെറോണ്‍ എലോട്ടാണ് ഡൈവിങ് പരിശീലനം നല്‍കിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കം ഏകദേശം നാല്‍പ്പതോളം പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
മുങ്ങി മരണങ്ങള്‍ വര്‍ധിച്ചതിനാലാണ് ഫ്രീഡൈവിങ് പരിശീലനം നല്‍കിയതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പരിശീലകരെ നമ്മുടെ നാട്ടില്‍ കൊണ്ടു വന്ന് എല്ലാവരേയും നീന്താന്‍ പഠിപ്പിക്കുക, കഴിയുന്നത്ര ആളുകള്‍ക്ക് ഡൈവിങ് പരിശീലനം നല്‍കുക, പരിശീലനം നല്‍കി ഒട്ടേറെ കോച്ചുമാരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ജെല്ലിഫിഷ് പരിപാടി സംഘടിപ്പിച്ചതെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു.
നീന്തല്‍ മാത്രമല്ല ഡൈവിങ് ടെക്‌നിക്കുകളും ശ്വസന പരിശീലനവും ജെറോണ്‍ എലോട്ട് കുട്ടികളെയും മുതിര്‍ന്നവരെയും പരിശീലിപ്പിച്ചു. ഓക്‌സിജന്‍ സിലിണ്ടറോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ പുഴയിലും കടലാഴങ്ങളിലും മുങ്ങാനുള്ള പരിശീലനവും നല്‍കി. ആഴങ്ങളിലെ അതിജീവനവും ഡൈവിങ് അപകടരഹിതമാക്കാനുള്ള തന്ത്രങ്ങളും പരിഭ്രാന്തരാകാതെ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നും ഡൈവിങ് വിദഗ്ധനായ ജെറോണ്‍ വിവരിച്ചു കൊടുത്തു. ദീര്‍ഘനേരം ശ്വാസമടക്കിപ്പിടിക്കാനും തളരാതെ നീന്താനുമുള്ള പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിച്ചു. ജെഫ്രി ജെയിംസ്, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി എന്നിവരും പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.